
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്നുള്ള കേരളത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സിപിഐ നേതാക്കളായ ജി.ആര്. അനില്‍, പ്രകാശ് ബാബു എന്നിവര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സമവായ ചര്‍ച്ചകള്‍ക്ക് ശേഷം ഉയര്‍ന്നുവന്ന ഈ അതൃപ്തി മുന്നണിയില്‍ പുതിയൊരു പ്രതിസന്ധിക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
അനില്‍ അപമാനിച്ചു, പ്രകാശ് ബാബു മര്യാദയില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചു
സിപിഐ ഓഫീസ് സന്ദര്‍ശിച്ചതിന് പിന്നാലെ മന്ത്രി ജി.ആര്. അനില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്ന് ശിവന്‍കുട്ടി ആരോപിച്ചു. ‘അനിലിനെ ഫോണില്‍ മുന്‍കൂറായി വിളിച്ച ശേഷമാണ് ഓഫീസില്‍ പോയത്. ബിനോയ് വിശ്വത്തെ കണ്ട് എന്ത് കൊണ്ട് ഒപ്പിട്ടു എന്ന് വിശദീകരിക്കാനായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, കൂടിക്കാഴ്ചക്ക് ശേഷം താന്‍ ഒന്നും പറഞ്ഞില്ലെങ്കിലും, അനില്‍ മാധ്യമങ്ങളോട് എന്നെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചു,’ ശിവന്‍കുട്ടി പറഞ്ഞു. ‘ഒരാള്‍ ഓഫീസില്‍ വന്നാല്‍ സംസാരിക്കണമല്ലോ എന്നാണ് അനില്‍ പറഞ്ഞത്. അത് മര്യാദയില്ലാത്ത സംസ്കാരമാണ്.’
പ്രകാശ് ബാബുവിനെതിരെയും ശിവന്‍കുട്ടി രൂക്ഷ വിമര്‍ശനമുന്നയിച്ചു. എം.എ. ബേബിയെ അവഹേളിക്കുന്ന തരത്തില്‍ ‘നിസ്സഹായന്’ എന്നും ‘സഹതാപം’ എന്നും പ്രകാശ് ബാബു പറഞ്ഞത് തീര്‍ത്തും മര്യാദയില്ലാത്ത വാക്കുകളാണെന്ന് ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ‘ഞങ്ങളുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ് എം.എ. ബേബി. എന്ത് അടിസ്ഥാനത്തിലാണ് പ്രകാശ് ബാബു ഇത്തരം പ്രസ്താവനകള്‍ നടത്തിയത്?’ അദ്ദേഹം ചോദിച്ചു.
പ്രതിഷേധങ്ങള്‍ക്കെതിരെയും വിമര്‍ശനം
എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. തുടങ്ങിയ സംഘടനകളുടെ അതിരുകടന്ന പ്രതിഷേധങ്ങളെയും ശിവന്‍കുട്ടി വിമര്‍ശിച്ചു. ‘എന്റെ കോലം എന്തിനു കത്തിച്ചു? എന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തി. ഇത് ശരിയായ നടപടിയല്ല,’ ശിവന്‍കുട്ടി പറഞ്ഞു. ബിനോയ് വിശ്വത്തെ വിളിച്ച് പരാതിപ്പെട്ടപ്പോള്‍, രണ്ട് സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞതായും ശിവന്‍കുട്ടി അറിയിച്ചു. തന്നെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമിച്ചുവെന്നും, തന്റെ ചരിത്രം ഇവര്‍ക്കൊന്നും അറിയില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പി.എം. ശ്രീ പദ്ധതിയില്‍ നിന്നുള്ള കേരളത്തിന്റെ പിന്മാറ്റം സാങ്കേതികമായി ‘തുടര്‍നടപടി നിര്‍ത്തിവെക്കുക’ എന്ന നിലയിലാണെങ്കിലും, അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാണ്. സിപിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി രൂപീകരിച്ച ഉപസമിതി ഉടന്‍ റിപ്പോര്‍ട്ട് നല്കാന് സാധ്യതയില്ലെന്നും, ഇത് വിവാദം തണുപ്പിക്കാനുള്ള ഒരു നീക്കം മാത്രമാണെന്നും വിലയിരുത്തപ്പെടുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എസ്.എസ്.കെ. ഫണ്ടിലെ 925 കോടി രൂപയില്‍ ആദ്യ ഗഡുവായ 300 കോടി രൂപ ഉടന്‍ നല്‍കാനിരിക്കെയാണ് കേരളത്തിന്റെ ഈ പിന്മാറ്റം. ഇത് ഫണ്ട് വിതരണം അനിശ്ചിതത്വത്തിലാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു. പഞ്ചാബ് സമാനമായ സാഹചര്യത്തില്‍ പിന്മാറിയപ്പോള് ഫണ്ട് തടഞ്ഞുവെച്ച അനുഭവം നിലനില്‍ക്കെ, കേരളത്തിന്റെ ഈ തീരുമാനം വിദ്യാഭ്യാസ വകുപ്പിനും മന്ത്രി ശിവന്‍കുട്ടിക്കും വലിയ തിരിച്ചടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ, പി.എം. ശ്രീ വിവാദം മുന്നണിയില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതെളിക്കുകയാണ്.