Unnikrishnan Potty| ശബരിമല സ്വര്‍ണ്ണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍; കട്ടിളപാളി കേസില്‍ അറസ്റ്റ് നവംബര്‍ മൂന്നിന്

Jaihind News Bureau
Thursday, October 30, 2025

 

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്.ഐ.ടി.) അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിര്‍ണ്ണായക നടപടി. റിമാന്‍ഡ് ചെയ്ത പോറ്റിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റും. അറസ്റ്റ് നവംബര്‍ 3-ന് ഔദ്യോഗികമായി രേഖപ്പെടുത്തും.

നിലവില്‍ പോറ്റിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാമെന്ന് എസ്.ഐ.ടി. കോടതിയെ അറിയിച്ചു. തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും, മുമ്പ് ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു എന്നും പോറ്റി കോടതിയെ അറിയിച്ചു. മറ്റ് പരാതികള്‍ ഒന്നുമില്ല എന്നും പോറ്റി കോടതിയില്‍ വ്യക്തമാക്കി. റിമാന്‍ഡ് ചെയ്യപ്പെട്ട പോറ്റിയെ നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ വീണ്ടും ഹാജരാക്കും.

കട്ടിളപ്പാളികളിലെയും ദ്വാരപാലക ശില്‍പ്പങ്ങളിലെയും സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. കേസിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി നേരത്തെ എസ്.ഐ.ടി. ചോദ്യം ചെയ്യലില്‍ പോറ്റി മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണം പൂശിയ പാളികള്‍ ‘ചെമ്പുപാളികള്‍’ എന്ന് ദേവസ്വം രേഖകളില്‍ തിരുത്തിയതുള്‍പ്പെടെയുള്ള ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക് കേസില്‍ നേരത്തെ തന്നെ വെളിപ്പെട്ടിരുന്നു. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ മുരാരി ബാബു തുടങ്ങിയ ഉന്നതര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മോഷ്ടിച്ച സ്വര്‍ണം ബെംഗളൂരു സ്വദേശിയായ കല്‍പേഷിനാണ് കൈമാറിയതെന്നും പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. പോറ്റിയുടെ വീട്ടില്‍ അടുത്തിടെ നടത്തിയ റെയ്ഡില്‍ സുപ്രധാന രേഖകളും, ഹാര്‍ഡ് ഡിസ്‌കും, സ്വര്‍ണവും പണവും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. നവംബര്‍ 3-ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പിനായി ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനാണ് എസ്.ഐ.ടി.യുടെ തീരുമാനം.