CONGRESS PROTEST| ‘സഞ്ചാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു’; മന്ത്രി പി.രാജീവിന്‍റെ ഓഫീസിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ച്

Jaihind News Bureau
Wednesday, August 27, 2025

സഞ്ചാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി്. കളമശ്ശേരി മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം ജനങ്ങളെ പൊറുതിമുട്ടിച്ച സര്‍ക്കാരിനെതിരെ ജനരോഷം ഉയരുകയാണെന്നും, തകരുന്ന നാഷണല്‍ ഹൈവേയും, കുഴികളായി രൂപപ്പെടുന്ന പിഡബ്ല്യുഡി റോഡുകളും, പണമില്ലാതെ പണിയാന്‍ കഴിയാത്ത പഞ്ചായത്ത് റോഡുകളും മാത്രമാണ് ഇന്ന് കേരളത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴുത്തറക്കുന്ന നികുതി ഊടാക്കുമ്പോഴും, സഞ്ചാര യോഗ്യമായ റോഡുകള്‍ നല്‍കാന്‍ സര്‍ക്കാരിന് ആകുന്നില്ലെന്ന് ഡിസിസി കുറ്റപ്പെടുത്തി.

ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവിന്റെ വീടിനും, ഓഫീസിനു മുന്നിലുള്ള റോഡ് പോലും തകര്‍ന്നു കിടക്കുന്നത് അതിനുദാഹരണമാണ്. പ്രധാന സമയങ്ങളില്‍ ഗോശ്രീ പാലങ്ങളിലെ മണിക്കൂറുകള്‍ എടുക്കുന്ന ബ്ലോക്കുകളും, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ടൗണുകളിലെയും, ആലുവ, കളമശ്ശേരി, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെ ബ്ലോക്കുകളും സമാനതകള്‍ ഇല്ലാത്ത ദുരാനുഭവമാണ് മനുഷ്യന് നല്‍കുന്നതെന്നും ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.