എറണാകുളം വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. ക്രിസ്റ്റഫറും ഭാര്യ മേരിയും സ്വകാര്യ ആശുപത്രയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ദമ്പതികളെ തീ കൊളുത്തി ശേഷം ജീവനൊടുക്കിയ വില്യമിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ നടക്കും. പച്ചാളം സ്വദേശി വില്യം എന്ന യുവാവാണ് മരിച്ചത്. കുടുംബപ്രശ്‌നമാണ് ദമ്പതികളെ തീ കൊളുത്താന്‍ ഇയാളെ പ്രേരിപ്പിച്ചതായാണ് വിവരം.
തൊട്ടടുത്ത് താമസിക്കുന്ന വില്യം വീട്ടിലേക്കെത്തി പെട്ടെന്ന് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വില്യമിനേയും മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. വില്യം ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയെന്ന് നാട്ടുകാര്‍ പറയുന്നു . ചുറ്റിക കൊണ്ട് സഹോദരന്റെ മകന്റെ തലയ്ക്കടിച്ചതിന് പോലീസ് കേസെടുത്തിരുന്നു .വില്യമും ക്രിസ്റ്റഫറും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.