ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും പിടിയില്‍

Jaihind News Bureau
Sunday, April 27, 2025

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ ഉള്‍പ്പടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്.രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്നാണ് എക്സൈസ് നല്‍കുന്ന വിവരം.
ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.