റഷ്യ-ഉക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ജെയിന്‍ കുര്യന്‍റെ മോചനം വേഗത്തിലാക്കണം: കെ.സി.വേണുഗോപാല്‍ എംപി

Jaihind News Bureau
Tuesday, April 22, 2025

തൊഴില്‍ തട്ടിപ്പിനിരയായി റഷ്യ-ഉക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ജെയിന്‍ കുര്യന്റെ മോചനം വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കെ.സി.വേണുഗോപാല്‍ കത്തുനല്‍കി.

യുദ്ധത്തില്‍ പങ്കെടുത്ത് ഗുരുതര പരിക്കേറ്റ് റഷ്യയില്‍ ചികിത്സയില്‍ കഴിയുന്ന ജെയിന്‍ സുഖം പ്രാപിച്ചുവരുന്നു. വീണ്ടും യുദ്ധമുഖത്തേക്ക് തിരിച്ചയക്കപ്പെടു മെന്ന ഭീതിയിലാണ് ജെയിന്‍. സഹായമഭ്യര്‍ത്ഥിച്ച് ജെയിന്‍ ഒരു വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്. പൗരാവകാശങ്ങളുടെ ലംഘനമാണ് ജെയിന്‍ നേരിടുന്നത്.
ജെയിനിന്റെ ദുരിതം അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്.

ജെയിന്റെതിന് സമാനമായ ദുരിതം നേരിടുന്ന 18 ഓളം ഇന്ത്യന്‍ പൗരന്‍മാര്‍ തൊഴില്‍ തട്ടിപ്പിന് ഇരയായി റഷ്യ-ഉക്രെയ്ന്‍ യുദ്ധമുഖത്തുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം മനസിലാക്കുന്നത്. ഇവരുടെയെല്ലാം മോചനത്തിനും സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.