കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിന് ഇടതുസൈബര്‍ ആക്രമണം: രാഷ്ട്രീയ തന്തയില്ലായ്മയെന്ന് ജി സുധാകരന്‍.

Jaihind News Bureau
Saturday, March 15, 2025

കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരേ ഉണ്ടായ ഇടതു സൈബര്‍ ആക്രമണം രാഷ്ട്രീയ തന്തയില്ലായ്മയെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ഗാന്ധിജി – ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച യോഗത്തില്‍ ജി സുധാകരന്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരേസോഷ്യല്‍ മീഡിയകളില്‍ വന്‍ ആക്രമണമാണുണ്ടായത്. ഇവരെയാണ് രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചത്. ‘സൈബര്‍ പോരാളികള്‍’ എന്നൊരു ഗ്രൂപ്പില്ലെന്നും ഇവര്‍ പാര്‍ട്ടി വിരുദ്ധരാണെന്നും അദ്ദേഹം ആരോപിച്ചു. ‘പൊതുയോഗം വിളിച്ച് തനിക്കെതിരെ പറയാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോ’ എന്നും അദ്ദേഹം ചോദിച്ചു.

അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നില്‍. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഇല്ല. അത് മുഴുവന്‍ കള്ളപ്പേരാണ് .അവര്‍ പാര്‍ട്ടി വിരുദ്ധരാണ്, അവന്റെയൊക്ക അമ്മായി അപ്പന്റേയും അപ്പൂപ്പന്റേയുമൊക്കെ ഗ്രൂപ്പാണത്. പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ സൈന്യം. കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല.അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്.

തന്നെ പിണറായി വിരുദ്ധന്‍ ആക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. .അങ്ങനെ ശ്രമിക്കുന്നവര്‍ക്ക് നാലു മുത്തം കിട്ടുമെങ്കില്‍ കിട്ടിക്കോട്ടേ. മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും.തന്റെയടുത്ത് പരീക്ഷണങ്ങള്‍ ഒന്നും ആവശ്യമില്ല.അതിന്റെ കാലം കഴിഞ്ഞു.താന്‍ ഇനി മുഖ്യമന്ത്രി ആകാനുമില്ല, മന്ത്രി ആകാനുമില്ല. അതിന്റെ കാലം കഴിഞ്ഞു .പാര്‍ട്ടി മെമ്പര്‍ ആയി കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു