എന്തൊക്കെയാണീ കൊച്ചു കേരളത്തില്‍ നടക്കുന്നത് … എന്ന് ചോദിച്ചു പോകും. പത്താം ക്‌ളാസു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പോളിടെക്‌നിക്ക് കോളേജില്‍ കുട്ടികള്‍ക്ക് സൈഡ് ബിസിനസ്. കഞ്ചാവ് മൊത്തമായി എടുത്ത് ചില്ലറ വില്‍പ്പന നടത്തുക. ഹോസ്്റ്റല്‍ കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി സജ്ജമാക്കിയിരിക്കുന്നു. കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്.
പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ പൊലീസിന് നല്‍കിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിര്‍ണായകമായത്. ക്യാമ്പസില്‍ ലഹരി ഇടപാട് നടക്കുന്നതായി സൂചന നല്‍കി പ്രിന്‍സിപ്പല്‍ പൊലീസിന് കത്ത് നല്‍കിയിരുന്നു. ലഹരിക്കായി വിദ്യാര്‍ത്ഥികള്‍ പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
പുറത്തുനിന്ന് വലിയ പാക്കറ്റുകളില്‍ കിലോക്കണക്കിന് കഞ്ചാവ് കോളേജ് ഹോസ്റ്റലില്‍ എത്തിക്കുകയും ഇവിടെ നിന്ന് ചില്ലറവില്‍പ്പനയ്ക്കായി തയ്യാറാക്കുന്നു. വിതരണം ചെയ്യുന്നു. ചെറിയ പാക്കറ്റുകളാക്കാനുള്ള മെഷീന്‍ ത്രാസ് ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഒത്തു ചേര്‍ന്നു വലിക്കാനുള്ള സംവിധാനം അങ്ങനെ ലഹരി വില്‍പ്പനയും സംഭരണവും നിര്‍ബ്ബാധം നടന്നു പോന്ന സ്ഥലമായിരുന്നു കളമശ്ശേരി പോളിടെക്‌നിക് കോളേജ് . ഇതിനെല്ലാം പിന്തുണനല്‍കുന്ന രാഷ്ട്രീയ്ക്കാരും കൂടിയാകുമ്പോള്‍ ഈ ശൃംഖല പൂര്‍ണ്ണമാകുന്നു.
ഡിസ്‌കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും വരെ കഞ്ചാവ് വിതരണത്തിന് ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് വിലയിളവിലാണ് ഹോസ്റ്റലില്‍ കഞ്ചാവ് വിറ്റത്. ഒരു പൊതി കഞ്ചാവ് 500 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് വെച്ചത്. കഞ്ചാവ് ക്യാമ്പസില്‍ എത്തുന്നതിന് മുന്‍പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 300 രൂപയ്ക്ക് കഞ്ചാവ് നല്‍കും എന്നായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചതെന്നും പൊലീസ് കണ്ടെത്തി.
വെള്ളിയാഴ്ച ഹോളി ആഘോഷത്തോട് അനുബന്ധിച്ച് മദ്യവും മയക്കുമരുന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും അനിയന്ത്രിതമായി ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന് വിവരം ലഭിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യത്തിനായി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്നുമാണ് പ്രിന്‍സിപ്പാള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കണമെന്നും പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികളെ കൂടി പൊലീസ് ഇന്ന് പിടികൂടി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്.