
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ വൈദേശിക ശക്തികള്‍ക്കെതിരായി പോരാടിയത് പോലെ രാജ്യത്തെ കാര്‍ന്നു തിന്നുന്ന സംഘപരിവാറിന്റെ വര്‍ഗ്ഗീയ ധ്രുവീകരണ കാന്‍സറിനെതിരായി പോരാടണമെന്ന് ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടേയും സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഗാന്ധിമാവിന്‍ ചുവട്ടിലെ ഒരു നൂറ്റാണ്ട്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി അന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമല്ല രാജ്യത്തിനകത്തെ സാമൂഹിക വിപത്തുകള്‍ക്കെതിരെയും പോരാടി . വര്‍ഗ്ഗീയ ലഹളകളെ പോലും ചെറുത്ത് തോല്‍പ്പിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. ഗാന്ധി പകരുന്ന വെളിച്ചത്തില്‍ ഇരുട്ടിന്റെ പ്രത്യയശാസ്ത്രമായ സംഘപരിവാറിന് നിലനില്‍ക്കാനാവാത്തത് കൊണ്ടാണ് അവര്‍ അദ്ദേഹത്തെ കൊന്നത്. പക്ഷേ ഗാന്ധി എന്ന ആശയം അതോടെ പലയിരട്ടി ശക്തിയോടെ പടര്‍ന്നു വളരുന്നതാണ് കണ്ടത്. ഇന്ന് ലോകം മുഴുവന്‍ ഗാന്ധി മാര്‍ഗ്ഗമാണ് സ്ഥായിയായ വിജയമെന്ന് അംഗീകരിക്കുന്നു. പക്ഷേ ഇന്നും വെളിച്ചം ലഭിക്കാത്ത സംഘപരിവാര്‍ ശക്തികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടയും സര്‍ക്കാരിന്റെയും താല്പര്യാര്‍ത്ഥം ഗാന്ധി സ്മൃതികളെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നു. അത് ചൂണ്ടിക്കാണിക്കുമ്പോള്‍ ആര്‍എസ്എസ്സിനും ബിജെപിക്കും മറുപടിയില്ലാത്തത് കൊണ്ടാണവര്‍ തന്നെ തടയുന്നത്. ഗാന്ധിയെ തടയുന്നതിനാണ് അവര്‍ ഒരു നൂറ്റാണ്ടായി ശ്രമിച്ചു തോല്‍ക്കുന്നതെന്നും തുഷാര്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ആലുവ യു സി കോളജില്‍ നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാത്മാഗാന്ധി നട്ട ഗാന്ധിമാവിന്‍ ചുവട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട ആളുകള്‍ പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണവും ഡോ പി വി കൃഷ്ണന്‍ നായര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണവും നടത്തി. ജെബി മേത്തര്‍ എം പി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, യു സി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസ്, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, നേതാക്കളായ കെ പി ധനപാലന്‍, എം എ ചന്ദ്രശേഖരന്‍, ഐ കെ രാജു, സക്കീര്‍ ഹുസൈന്‍, ടോണി ചമ്മിണി, ഡോ. എം സി ദിലീപ് കുമാര്‍, ഡോ. ജിന്റൊ ജോണ്‍, ഡോ. ടിന്‍സി വര്‍ഗീസ്, എം ഒ ജോണ്‍, ബാബു പുത്തനങ്ങാടി, കെ ബി സാബു, പി ബി സുനീര്‍, എം ജെ ജോമി, ഷൈജു കേളന്തറ, ജോസഫ് ആന്റണി അബ്ദുള്‍ ലത്തീഫ് , പി എ മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
ഗാന്ധിമാവിന്‍ ചുവട്ടില്‍ ഒരുക്കിയ ഗാന്ധിജിയുടെ അര്‍ദ്ധകായ ശില്പം തുഷാര്‍ ഗാന്ധിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു