ഗുല്‍മാര്‍ഗില്‍ നടന്ന ഔട്ട്ഡോര്‍ ഫാഷന്‍ ഷോയെച്ചൊല്ലി ജമ്മു കശ്മീര്‍ നിയമസഭയില്‍ ബഹളം. റംസാന് മാസത്തില്‍ നടന്ന ഷോ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപണം ഉയര്‍ന്നു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെ ഒട്ടേറെ രാഷ്ട്രീയക്കാര്‍ ഈ ‘അശ്ലീല’ പരിപാടിയെ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ സമ്മേളിച്ചപ്പോള്‍, ജമ്മു കശ്മീര്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിലെ അംഗങ്ങളാണ് വിഷയം ഉന്നയിച്ചത്. ജനങ്ങള്‍ പകല്‍ മുഴുവന്‍ റംസാന് വ്രതം അനുഷ്ഠിക്കുമ്പോള്‍ ഇത്തരമൊരു പരിപാടി എങ്ങനെ നടന്നുവെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.ഗുല്‍മാര്‍ഗില്‍ നടന്ന സ്വകാര്യ പരിപാടി അശ്ളീലമാണെന്നും അത് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മറുപടി പറഞ്ഞു. സര്‍ക്കാരിന് ഫാഷന്‍ ഷോയുമായി യാതൊരു ബന്ധവുമില്ലെന്നും സംഘാടകര്‍ യാതൊരു അനുമതിയും വാങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി. ഒരു ഹോട്ടലില്‍ സംഘടിപ്പിച്ച ഒരു സ്വകാര്യ ഷോയായിരുന്നു അത് എന്നും അദ്ദേഹം വിശദീകരിച്ചു
എന്നാല്‍ ഫാഷന്‍ ഷോയെക്കുറിച്ച് വിവാദം സൃഷ്ടിച്ചതിന് നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി കക്ഷികളേയും മതപുരോഹിതരേയും ബിജെപി വിമര്‍ശിച്ചു. ഇതിനോടുള്ള രോഷം അനാവശ്യമാണെന്ന് പ്രതിപക്ഷ ബിജെപി അംഗങ്ങള്‍ വ്യക്തമാക്കി . കശ്മീര്‍ താഴ്വരയില് യാഥാസ്ഥിതികത വളരെ കൂടുതലാണെന്നും എല്ലാത്തരം വീക്ഷണങ്ങളെയും ചിന്തകളെയും അംഗീകരിക്കുന്ന ഒരു ശീലം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് രണ്‍ബീര്‍ സിംഗ് പത്താനിയ എം്എല്‍ എ പറഞ്ഞത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഈ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ, നാഷണല്‍ കോണ്‍ഫറന്‍സ്- പിഡിപി അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. ബഹളം ശമിപ്പിക്കാനുള്ള സ്പീക്കറുടെ ശ്രമങ്ങള്‍ പോലും വിജയിച്ചില്ല. 25 മിനിറ്റിലധികം സഭയില്‍ വാഗ്വാദം അരങ്ങേറി.
പ്രമുഖ ഡിസൈനര്‍ ലേബലായ ശിവന് & നരേഷ് ബ്രാന്‍ഡിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഗുല്‍മാര്‍ഗിലെ സ്വകാര്യ ഹോട്ടലില്‍ ഫാഷന്‍ ഷോ അരങ്ങേറിയത്.ബീച്ച് വെയറിന് ഒപ്പം അവരുടെ സ്കീവെയര് ശ്രേണിയാണ് പരിപാടിയില്‍ അവതരിപ്പിച്ചത്. ഷോയുടെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, റംസാന് സമയത്ത് പരിപാടി നടത്തിയതിന് വ്യാപകമായി വിമര്‍ശനവും ഉയര്‍ന്നു.
‘അതിക്രമം’ എന്നാണ് ഹുറിയത്ത് നേതാവ് മിര്‍വൈസ് ഉമര്‍ ഫാറൂഖ് പ്രതികരിച്ചത്. ടൂറിസം പ്രൊമോഷന്റെ പേരില്‍ ‘അശ്ലീലം’ കാണിക്കുന്നത് അനുവദിക്കില്ലെന്ന് ഉമര്‍ ഫാറൂഖ് പറഞ്ഞു. ഒഴിവാക്കാനാവുന്ന ഒരു പരിപാടി ആയിരുന്നുവെന്ന് ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് മേധാവി സജാദ് ലോണ്‍ പറഞ്ഞു.