ഡൽഹി: കഴിഞ്ഞ രാത്രിയിലുണ്ടായ അനിയന്ത്രിത ആൾക്കൂട്ട തിരക്കില്‍പെട്ട് ഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ ദുരന്തം. ശനിയാഴിച രാത്രി 10 മണിയോടെയാണ് സംഭവം നടക്കുന്നത്. ഇതുവരെ 18 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഏറാമെന്നാണ് സൂചന. മരിച്ചവരില്‍ അധികവും ബിഹാർ സ്വദേശികളാണ്. 50ലധികം പേർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചിലരുടെ നില അതീവഗുരുതരമാണ്. കുംഭമേളയിലേക്കുള്ള തീർത്ഥാടകർ വലിയ കുതിപ്പോടെയാണ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. യാത്രക്കാർക്കായി പ്രത്യേകമായി ഏർപ്പെടുത്തിയ ട്രെയിനുകളിൽ ചിലത് സമയം കഴിഞ്ഞിട്ടും എത്താതിരുന്നതും, ട്രാക്ക് മാറിയെത്തിയതും സ്ഥിതി നിയന്ത്രണാതീതമാക്കുകയായിരുന്നു. അസാധാരണ തിരക്കിനെ തുടർന്ന് 14, 15 പ്ലാറ്റ്ഫോമുകളിലായാണ് വലിയ ഭീകരതയുണ്ടായത്.
മരണം സ്ഥിരീകരിച്ചവരിൽ 5 കുട്ടികളും 9 സ്ത്രീകളും ഉൾപ്പെടുന്നു. തീർത്ഥാടനത്തിനായി എത്തിയവർ തമ്മിൽ തിരക്കിൽ പെട്ട്പലരും ഇടിച്ചുവീണതും അപകടം വഷളാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. “ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു,” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. റെയില്‍വെയുടെ പരാജയം ഒരിക്കല്‍ കൂടി വ്യക്തമായെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമർശിച്ചു. അപകടത്തിന്‍റെ മരണ കണക്ക് റെയില്‍വെ മനപ്പൂർവം മറച്ചു വയ്ക്കുകയാണെന്ന് മല്ലികാർജുന്‍ ഖാർഗെയും കുറ്റപ്പെടുത്തി.
കേന്ദ്ര റെയിൽവേ മന്ത്രാലയം സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.