മേലധികാരികളുടെ തൊഴില്‍ പീഡനം; ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

Jaihind News Bureau
Monday, February 10, 2025

കൊച്ചി: കയര്‍ ബോര്‍ഡിന്‍റെ കൊച്ചി ഓഫിസില്‍ തൊഴില്‍ പീഡനത്തിനിരയായ ഉദ്യോഗസ്ഥ അന്തരിച്ചു. സെക്ഷന്‍ ഓഫിസര്‍ വെണ്ണല ചളിക്കവട്ടം സ്വദേശി ജോളി മധു (56) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്‍റെ ചുമതലയിരിക്കെയാണ് ജോളിയ്ക്ക് ഉദ്യോഗസ്ഥ പീഡനം നേരിടേണ്ടിവന്നത്. കാന്‍സര്‍ രോഗി കൂടിയായിരുന്നു ജോളി.

തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോളിയെ പ്രവേശിപ്പിച്ചത്. മുന്‍ സെക്രട്ടറി അടക്കമുള്ളവരുടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു എന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ സെക്രട്ടറിയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നില്‍ ജോളിയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഡനം. ജോളിക്കെതിരെ പ്രതികാരബുദ്ധിയോടെയാണു മേലുദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും അര്‍ഹിച്ച ഡപ്യൂട്ടി ഡയറക്ടര്‍ പദവി നിഷേധിച്ചെന്നും കുടുംബം ആരോപിക്കുന്നു.

മുന്‍ സെക്രട്ടറിയോടു മാപ്പു പറയണമെന്ന് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടായെങ്കിലും തന്‍റെ നിലപാടു വ്യക്തമാക്കികൊണ്ടു നിലവിലെ സെക്രട്ടറിക്കു ജോളി കത്തെഴുതിയിരുന്നു. ഇതിനിടെയാണു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലേക്ക് ജോളിയെ സ്ഥലം മാറ്റിയത്. കാന്‍സര്‍ രോഗിയായതിനാലും വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമേ സര്‍വീസില്‍ ബാക്കിയുള്ളൂ എന്നതിനാലും സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടായില്ല. മോശമായ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി മെഡിക്കല്‍ ലീവിന് അപേക്ഷിച്ചെങ്കിലും അതും നിഷേധിക്കപ്പെട്ടു. 5 മാസത്തെ ശമ്പളവും വിവിധ കാരണങ്ങളുടെ പേരില്‍ തടഞ്ഞു വയ്ക്കപ്പെട്ടു. ഒടുവില്‍ തന്‍റെ പേരില്‍ വിജിലന്‍സ് കേസും എടുക്കാന്‍ ഒരുങ്ങുന്നു എന്നറിഞ്ഞതോടെ ജോളി ആകെ തകര്‍ന്നു.

ഇതേ തുടര്‍ന്നാണ് ജോളിക്ക് അപകടം സംഭവിക്കുന്നത്. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണു തലച്ചോറില്‍ രക്തസ്രാവമുണ്ടായതെന്നു ഡോക്ടര്‍ സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറയുന്നു. ജോളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായതിനുശേഷം അവസ്ഥ ചൂണ്ടിക്കാട്ടി അവധി അനുവദിക്കണമെന്ന് മേലധികാരികളോട് അപേക്ഷിച്ചിരുന്നു.
തൊഴില്‍ സ്ഥലത്തെ പീഡനത്തെ പറ്റി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മനുഷ്യാവകാശ കമ്മിഷനും അടക്കം പരാതി നല്‍കിയതിന്റെ പേരിലും മാനസികമായി ബുദ്ധിമുട്ടിച്ചെന്നും കുടുംബം പരാതിപ്പെടുന്നു. ജോളിയുടെ ഭര്‍ത്താവ് 2020 ജനുവരിയില്‍ കോവിഡിനെ തുടര്‍ന്ന് അന്തരിച്ചിരുന്നു. 2 ആണ്‍മക്കളും ബംഗളൂരുവില്‍ പഠിക്കുന്നു.