ബി.ആര്‍ അംബേദ്ക്കറെ അധിക്ഷേപിച്ച അമിത് ഷാക്കെതിരെ പ്രതിഷേധം ശക്തം; അമിത് ഷാ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, December 18, 2024

ഡല്‍ഹി: ഭരണഘടന ശില്‍പി ബി.ആര്‍. അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്. ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കുന്നതിനിടെയാണ് ഷായുടെ വിവാദ പരാമര്‍ശം. അംബേദ്കറുടെ പേര് പറയുന്നത് ഫാഷനായെന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം.

‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ പോകാമായിരുന്നു’ -ഷാ പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ ഷായുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. മനുസ്മൃതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അംബേദ്കറുമായി പ്രശ്നമുണ്ടാകുമന്ന് രാഹുല്‍ എക്‌സില്‍ കുറിച്ചു. തുടക്കം മുതലേ ഇന്ത്യന്‍ ഭരണഘടനക്കു പകരം മനുസ്മൃതി നടപ്പാക്കാനാണ് ആര്‍.എസ്.എസ് ആഗ്രഹിച്ചതെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. ബി.ജെ.പി-ആര്‍.എസ്.എസ് ത്രിവര്‍ണ പതാകക്കെതിരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ആഭ്യന്തര മന്ത്രിയുടെ അംബേദ്കര്‍ അധിക്ഷേപ പരാമര്‍ശമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ പരാമര്‍ശം വെറുപ്പുളവാക്കുന്നതാണെന്നും മാപ്പു പറയണമെന്നും കോണ്‍ഗ്രസ് എം.പി ജയറാം രമേശ് ആവശ്യപ്പെട്ടു.