ഡല്‍ഹി: സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയിക്കുന്നുവെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായി എന്നും എസ്എഫ്‌ഐഒ വ്യക്തമാക്കി. എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നതും ഏജന്‍സി പരിശോധിക്കുന്നുണ്ട്. കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തില്‍ പണം നല്കിയതെന്നും എസ്എഫ്‌ഐഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ വാദം ഈ മാസം 23 ന് വീണ്ടും തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ നേരത്തേ വാദിച്ചിരുന്നു.
മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വാദിച്ചിരുന്നു. ആദായ നികുതി സെറ്റില്‍മെന്റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ല. കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോണ്‍ ജോര്‍ജിന് രഹസ്യ രേഖകള്‍ എങ്ങനെ കിട്ടിയെന്നും സിഎംആര്‍എല്‍ ചോദിച്ചിരുന്നു.