‘പി.വി. അന്‍വറിന്‍റേത് ഗുരുതര ആരോപണം; പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം’: വി.ഡി. സതീശന്‍

Jaihind Webdesk
Sunday, September 1, 2024

 

കൊച്ചി: പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾ ഗുരുതരമാണെന്നും കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെ നടന്ന സ്വർണ്ണക്കടത്ത് മറച്ചുവെക്കാൻ എഡിജിപിയുടെ അറിവോടെ ഒരാളുടെ കൊലപാതകം നടത്തി തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഭരണകക്ഷി എംഎല്‍എയായ പി.വി. അന്‍വർ വെളിപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ അറിവോടെയാണ് ഇതെല്ലാം. സ്വര്‍ണ്ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന അന്‍വറിന്‍റെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത് എന്ന പ്രതിപക്ഷ ആരോപണം സത്യമാണെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വിളിച്ചുപറഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പുറത്തു വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിലെ രണ്ടു പേരുടെ പേരാണ്. ആരോപണ വിധേയരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. “കൊലപാതകം നടത്തിക്കുന്ന എഡിജിപി, അതിന് പിന്തുണ കൊടുക്കുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, കാലുപിടിക്കുന്ന എസ്പി, ഗുണ്ടാസംഘം പോലും നാണിച്ചുപോവുന്ന തരത്തിൽ പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്, അതിന് സംരക്ഷണം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഭരണകക്ഷി എംഎല്‍എ നടത്തിയ ഗുരുതര ആരോപണങ്ങളാണിവ” – വി.ഡി. സതീശന്‍ പറഞ്ഞു.

ബിജെപി നേതാവ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് സിപിഎം ഇപിയെ പുറത്താക്കിയത് എന്നാണ് പറയുന്നത്. എന്നാല് തിരഞ്ഞെടുപ്പിന്‍റെ അന്ന് മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചു. താനും ജാവദേക്കറെ നിരവധി തവണ കണ്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവിനെ കാണുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിയും ജാവദേക്കറെ കണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതോടെ ഇ.പി. ജയരാജനും മുഖ്യമന്ത്രിക്കും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും ബിജെപിയുമായുള്ള ബന്ധമുണ്ടെന്ന് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.