കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിക്കും

Jaihind Webdesk
Friday, August 23, 2024

 

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നുകാരിയെ പോലീസ് നാളെ ഏറ്റുവാങ്ങും. വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പോലീസ് വിശാഖപട്ടണത്ത് ഒബ്സർവേഷൻ ഹോമിൽ സംരക്ഷണയിലുള്ള കുട്ടിയുമായി നാളെ രാത്രി മടങ്ങും. ശനിയാഴ്ച രാത്രി 10.25 നു വിജയവാഡയിൽ നിന്നും കേരള എക്സ്പ്രസിലാണ് സംഘം കേരളത്തിലേക്കു തിരിക്കുക. ഞായറാഴ്ച രാത്രി 9.50-ന് തിരുവനന്തപുരത്ത് എത്തും. കുട്ടിയെ ഏറ്റുവാങ്ങുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി.

തിരികെയെത്തിക്കുന്ന കുട്ടിയെ ഞായറാഴ്ച ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കും. തുടർന്ന് കോടതിയുടെ നിർദ്ദേശമനുസരിച്ച് മാതാപിതാക്കൾക്ക് കൈമാറാനാണു സാധ്യത. കുട്ടി ആരോഗ്യവതിയാണെന്നും വിശദമായ മൊഴിയെടുക്കേണ്ടതുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ പറ‍ഞ്ഞു.

അമ്മ തല്ലിയതു കൊണ്ടാണ് വീടുവിട്ട് പോയതെന്ന് വീഡിയോ കോളിലൂടെ സംസാരിച്ച കുട്ടി പിതാവിനോടു പറഞ്ഞു. 50 രൂപയുമായി വീട്ടിൽ നിന്നിറങ്ങിയ പതിമൂന്നുകാരിയെ 37 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. മലയാളികളുടെ കൂട്ടായ്മയാണ് വിശാഖപട്ടണത്ത് ട്രെയിനിൽ ബുധനാഴ്ച രാത്രി 10 മണിയോടെ കുട്ടിയെ കണ്ടെത്തിയത്.