അഗ്നിവീര്‍ പദ്ധതി പൂര്‍ണമായി ഒഴിവാക്കണം; മോദി നിരന്തരം നുണകള്‍ ആവര്‍ത്തിക്കുന്നു; കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Jaihind Webdesk
Friday, July 26, 2024

 

ന്യൂഡല്‍ഹി: മോദിയുടെ രാഷ്ട്രീയ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കാര്‍ഗില്‍ വിജയദിവസില്‍ രാഷ്ട്രീയം കളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ഒരു പ്രധാനമന്ത്രിയും ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. അഗ്നിവീര്‍ പദ്ധതി പൂര്‍ണമായി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ സൈനികരെ അപമാനിക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. കാര്‍ഗില്‍ വിജയദിവസത്തില്‍ തന്നെ കാര്‍ഗില്‍ യുദ്ധവീരന്മാരെ അപമാനിക്കുന്ന തരത്തിലാണ് മോദി പരാമര്‍ശം നടത്തിയത്. നുണ പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയായി നരേദ്ര മോദി മാറിയെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. അഗ്നിവീര്‍-അഗ്നിപഥ് പദ്ധതി സംബന്ധിച്ച് മോദി നിരന്തരം നുണകള്‍ ആവര്‍ത്തിക്കുകയാണ്.

75 ശതമാനം സ്ഥിര നിയമനവും ബാക്കി 25 ശതമാനം നാലുവര്‍ഷത്തേക്കുള്ള നിയമനവുമായിരുന്നു അഗ്നിവീര്‍-അഗ്നിപഥ് പദ്ധതിയെ സംബന്ധിച്ച് സൈന്യം ശുപാര്‍ശ ചെയ്തത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതുപാടെ  അവഗണിക്കുകയും നേര്‍ വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്തു. മുന്‍ സൈനിക മേധാവി എം.എം. നിര്‍വാണ ഇതിനെ സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ പുസ്തകത്തിന് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും  ഖാര്‍ഗെ ചൂണ്ടികാട്ടി.