പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണണം; വോട്ടെണ്ണല്‍ സുതാര്യമാക്കണം, ആവശ്യവുമായി ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

Jaihind Webdesk
Sunday, June 2, 2024

 

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നും  അതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട്  ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. എക്സിറ്റ് പോള്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. എക്സിറ്റ് പോള്‍ ഫലം ബിജെപി  ഗൂഢാലോചനയാണെന്ന് ഇന്ത്യ സഖ്യം ആരോപിച്ചു.

295 സീറ്റുകളിലധികം നേടി വിജയിക്കുമെന്ന് ആവര്‍ത്തിക്കുന്നതിനിടെ വന്ന പ്രവചനം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണമെന്നും  അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാവൂയെന്നും നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.