ഹൈദരാബാദ്: കേന്ദ്രത്തില്‍ ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയില്‍ 10 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെലങ്കാനയില്‍ അഞ്ചുവരെ സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെ തള്ളിയായിരുന്നു തെലങ്കാന മുഖ്യമന്ത്രി രംഗത്തെത്തിയത്. ആകെയുള്ള 17 സീറ്റുകളില്‍ കോണ്‍ഗ്രസ് മാത്രം കുറഞ്ഞത് 10 സീറ്റുകളിലെങ്കിലും വിജയിക്കും. മറ്റ് പാർട്ടികളുടെ വിഹിതം കൂടിയാകുമ്പോള്‍ ബിജെപിയുടെ അവകാശവാദത്തിന് പ്രസക്തിയില്ലെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി.
കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യാ സഖ്യം വലിയ വിജയം നേടും. കേന്ദ്രത്തില്‍ സർക്കാർ രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്നും രേവന്ത് റെഡ്ഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിക്ക് 240 സീറ്റിൽ കൂടുതൽ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയില്‍ ബിജെപി അഞ്ചു സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ അവകാശവാദം.