‘മദ്യനയക്കേസിലെ സത്യകഥ നാളെ കോടതിയില്‍ വെളിപ്പെടുത്തും’; കെജ്‌രിവാളിന്‍റെ സന്ദേശം അറിയിച്ച് ഭാര്യ സുനിത

Jaihind Webdesk
Wednesday, March 27, 2024

 

ന്യൂഡല്‍ഹി: മദ്യനയ കേസിലെ സത്യാവസ്ഥ നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്‌രിവാൾ.
തെളിവ് കോടതിക്ക് നല്‍കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചതായി ഭാര്യ സുനിത കെജ്‌രിവാൾ വ്യക്തമാക്കി. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അന്വേഷണത്തില്‍ ഒരു രൂപ പോലും ഇഡി കണ്ടെത്തിയിട്ടില്ലെന്നും സുനിത വ്യക്തമാക്കി. കെജ്‌രിവാളിന്‍റെ സന്ദേശം സുനിത മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലുള്ള കെജ്‌രിവാളിനെ വിചാരണക്കോടതിയിൽ നാളെ ഹാജരാക്കും.  കേസുമായി ബന്ധപ്പെട്ട് 250 റെയ്ഡുകള്‍ ഇഡി നടത്തി. ഇതുവരെ ഒരു രൂപ പോലും കണ്ടെത്താനായില്ല. ഇഡി പറയുന്ന അഴിമതി കഥയുടെ സത്യം നാളെ വിചാരണക്കോടതിയിൽ വെളിപ്പെടുത്തുമെന്ന് കെജ്‌രിവാൾ ഭാര്യക്ക് നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കി. രണ്ടുദിവസം മുമ്പ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജ്‌രിവാള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഡൽഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങൾ ദുരിതമനുഭവിക്കണമെന്ന് അവർ ആ​ഗ്രഹിക്കുന്നുണ്ടോ. ഇക്കാര്യത്തിൽ കെജ്‌രിവാൾ വളരെ വേദനിക്കുന്നതായും സുനിത പറഞ്ഞു.

മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ,  തെലങ്കാനയിലെ ബിആര്‍എസ് നേതാവ് കെ. കവിതയും എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാർച്ച് 28 വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർച്ചയായി ഇഡി സമൻസുകള്‍ അവഗണിച്ച കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇഡിയുടെ വാദം അംഗീകരിച്ചാണ് സിബിഐ പ്രത്യേക കോടതി കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. കെജ്‌രിവാളിനെതിരായ നടപടിയില്‍ ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തുകയാണ്.