മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും അറസ്റ്റില്‍: കാട്ടാന ആക്രമണത്തിലെ പ്രതിഷേധത്തില്‍ പോലീസിന്‍റെ അസാധാരണ നീക്കം; കോതമംഗലത്ത് ലാത്തിച്ചാർജ്, സംഘർഷം

Jaihind Webdesk
Tuesday, March 5, 2024

 

കോതമംഗലം: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിനെ തുടർന്ന് കോതമംഗലത്ത് പ്രതിഷേധ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസിന്‍റെ നരനായാട്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്ചു. കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവക്കെതിരെ കേസെടുത്തിരിക്കുന്നത്. ജനകീയ സമരത്തിനെതിരെ പോലീസ് നടത്തിയ നരയാട്ടിലും സർക്കാരിന്‍റെ നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ കിരാതമർദ്ദനം ആസൂത്രിതമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ ഇല്ലാതിരുന്ന സമയം നോക്കി പോലീസ് മർദ്ദനം അഴിച്ചുവിട്ടത് ഇതിന്‍റെ ഭാഗമാണ്. നാടകീയ നീക്കത്തിലൂടെയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവർ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് ഉപവാസ സമരം നടത്തിയിരുന്ന സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. സമരം നടത്തിയ മറ്റ് 13 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി. കേരളം മുഴുവൻ സമരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റാനാണ് ഇപ്പോഴത്തെ അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് നടപടിക്ക് പിന്നാലെ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല, എംഎല്‍എമാരായ അന്‍വർ സാദത്ത്, റോജി എം. ജോണ്‍ ഉൾപ്പടെയുള്ള നേതാക്കൾ കോതമംഗലത്ത് എത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നതെന്ന് റോജി എം. ജോണ്‍ പറഞ്ഞു. കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ കോതമംഗലത്തേക്ക് എത്തിച്ചേരുകയാണ്.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നേര്യമംഗലം കാഞ്ഞിരവേലിയിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് വൻ പ്രതിഷേധം നടന്നിരുന്നു. ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ് എം​പി, മാ​ത്യു കു­​ഴ​ല്‍­​നാ​ട​ന്‍ എം​എ​ൽ​എ, എ­​റ­​ണാ­​കു­​ളം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് മു­​ഹ​മ്മ­​ദ് ഷി­​യാ­​സ് എ­​ന്നി­​വ­​രു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് കോ​ത​മം​ഗ​ലം ടൗ​ണി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് വൻ പോലീസ് സന്നാഹമെത്തി വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്. ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയും നീക്കിയതിനു ശേഷമാണ് പോലീസ് മൃതദേഹം കൊണ്ടുപോയത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. ആനകളെ തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. തുടര്‍ന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചത്. നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര( 70) കഴിഞ്ഞ ദിവസം രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കോതമം​ഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇൻക്വസ്റ്റ് നടപടിക്കായി പോലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു. തുടർന്നാണ് വലിയ പ്രതിഷേധം അരങ്ങേറിയത്. ഇതിന് പിന്നാലെയാണ് സർക്കാരിനെ വിവിധ വിഷയങ്ങളില്‍ ചോദ്യമുനയില്‍ നിർത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത ആസൂത്രിത നീക്കവും.