ഇടക്കാല ബജറ്റ് കേന്ദ്രസർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടാണെന്ന വിമർശനമാണ് യുഡിഎഫ് എംപിമാർ ഉയർത്തിയത്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയുള്ള യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഇല്ലായിരുന്നുവെന്നും കർഷക ആത്മഹത്യയും തൊഴിലില്ലായ്മയും അടക്കമുള്ള യാഥാർത്ഥ്യങ്ങളെ മറച്ചു വെക്കുന്ന പൊള്ളയായ പ്രഖ്യാപനങ്ങൾ ആയിരുന്നു ഈ ബജറ്റ് എന്നാണ് ഉയരുന്ന വിമർശനം.
നിരാശാജനകമായിരുന്ന ബജറ്റ് ആയിരുന്നു എന്നും ദുർബല ജന വിഭാഗത്തിനും, ദരിദ്രർക്കും യുവാക്കൾക്കും യാതൊരു തരത്തിലുള്ള പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ ഇല്ലായിരുന്നു എന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടുക്കുന്നിൽ സുരേഷ് എം പിയുടെ പ്രതികരണം. രാമക്ഷേത്ര പ്രതിഷ്ഠക്കുശേഷം ഒരു സഹായവും നൽകിയില്ലെങ്കിലും വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ഇത്തരമൊരു ബജറ്റിലേക്ക് കേന്ദ്രസർക്കാരിനെ നയിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റിൽ കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള പ്രഖ്യാപനങ്ങൾ ആയിരുന്നു എന്നും കൂടുതൽ കള്ളം പറയാൻ അറിയാത്തതുകൊണ്ട് ബജറ്റ് കുറഞ്ഞ സമയത്തിൽ അവസാനിപ്പിച്ചു എന്നും ആന്റോ ആന്റണി എം പി വിമർശിച്ചു. അതേസമയം യുവാക്കൾക്ക് വേണ്ടി ഒന്നും ബജറ്റിലില്ലെന്നും ജമ്മുകശ്മീരിനെ പ്രത്യേക പദവി റദ്ദാക്കിയതും രാമക്ഷേത്രവും മാത്രമാണ് ഭരണ നേട്ടം എന്നാണ് കേന്ദ്രം പറയുന്നതെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്.
സ്ത്രീകൾക്ക് മുൻഗണന നൽകാത്ത ബജറ്റ് ആണെന്നും രാഷ്ട്രീയ പ്രസംഗത്തിന് അപ്പുറത്തേക്ക് മറ്റൊന്നും ഇതിലില്ലെന്നും ജെബി മേത്തർ എം പി കുറ്റപ്പെടുത്തി. ഭരണഘടന ലംഘനമാണ് കേന്ദ്ര ധന മന്ത്രി നടത്തിയതെന്ന് എൻ കെ പ്രേമചന്ദ്രൻ എം. പി കുറ്റപ്പെടുത്തി. അതേസമയം വികസിത ഭാരതമെന്ന ലക്ഷ്യത്തിന് ദിശാബോധം നൽകുന്ന ബജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചതെന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് തീർത്തും നിരാശജനകമായ ബഡ്ജ്റ്റായിരുന്നു എന്നാണ് പൊതുവെ ഉയരുന്ന വിമർശനം.