ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസിന്‍റെ തിരിച്ചുവരവ് കേരളത്തിലെ മതേതര ജനാധിപത്യ ചേരിക്ക് കരുത്ത് പകരും. ബി.ജെ.പിയെ വളർത്തി യു.ഡി.എഫിനെ തളർത്താനുള്ള സി.പി.എം നീക്കത്തിനും വൻ തിരിച്ചടിയാണ് മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്‍റെ വൻ വിജയം.
കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാൻ ബി.ജെപിയെ വളർത്താനുള്ള രഹസ്യ രാഷ്ട്രീയ അജണ്ടയാണ് ഇടതു സർക്കാരും സി.പി.എമ്മും സ്വീകരിച്ചിരുന്നത്. ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇത് പ്രകടമായിരുന്നു. ഇപ്പോൾ ബി.ജെ.പി.യെ നേരിടാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് കഴിയുമെന്ന് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നു. മതേതര ചേരിക്ക് മികച്ച വിജയം ലഭിച്ചിട്ടും അത് അംഗീകരിക്കാൻ സി.പി.എം കേരള ഘടകത്തിന്‍റെ സങ്കുചിത രാഷ്ട്രീയ താൽപര്യം അനുവദിക്കുന്നില്ല. സി.പി.എം കേരള നേതാക്കളുടെ പ്രതികരണങ്ങൾ എല്ലാം ഇതാണ് സുചിപ്പിക്കുന്നത്.
കോൺഗ്രസിനെ മുൻനിര്‍ത്തി ബി.ജെ.പി.യെ നേരിടണമെന്ന് സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറയുമ്പോൾ കേരള ഘടകം ഇത് അംഗീകരിക്കുന്നില്ല. ബി.ജെ.പിയെ നേരിടുന്നത് തങ്ങളാണ് എന്ന് സ്ഥാപിക്കാനാണ് അവരുടെ നീക്കം. കോൺഗ്രസിനെ കടത്തിവെട്ടാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല എന്നതിന്‍റെ ജാള്യതയാണ് കേരളത്തിലെ സി.പി.എം നേതാക്കൾ പങ്കുവെക്കുന്നത്. എന്നാൽ പാർട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സംസ്ഥാന ഘടകത്തിന്‍റെ നിലപാട് ശരിവെക്കുന്നില്ല.
ദേശീയ തലത്തിൽ ബി.ജെ.പി യെ നേരിടാൻ കരുത്ത് കോൺഗ്രസിന് ഉണ്ടന്ന് വ്യക്തമായതോടെ കേരളത്തിലെ മതേതര സമൂഹം ഒന്നടങ്കം യു.ഡി.എഫിന് പിന്നിൽ അണിനിരക്കും. ബി ജെ.പി ഇതര വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാകും. ഇത് സി.പി.എമ്മിന് കനത്ത തിരിച്ചടിയാകും. ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളം പൂർണമായും യു.ഡി.എഫ് പക്ഷത്തേക്ക് മാറുമെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.