ന്യൂഡല്‍ഹി: അസോഷ്യേറ്റ് ജേർണലിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട ബിജെപിയുടെ പരിഭ്രാന്തിയുടെ തെളിവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പ്രതികരണം.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ പരാജയം മുന്നില്‍ക്കണ്ട ബിജെപി സർക്കാർ തങ്ങളുടെ ഏജൻസികളെ ദുരുപയോഗം ചെയ്യാൻ നിർബന്ധിതരാകുന്നു. ഈ ശ്രമവും പരാജയപ്പെടുകയും തെരഞ്ഞെടുപ്പിൽ ബിജെപി തോല്‍ക്കുകയും ചെയ്യും. തിരഞ്ഞെടുപ്പു കാലത്ത് ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബിജെപിയുടെ രീതി ഇപ്പോൾ രാജ്യത്തിനുമുമ്പിൽ പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
“നാഷണൽ ഹെറാൾഡ് സ്വാതന്ത്ര്യ സമരത്തിന്‍റെ ശബ്ദമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യ സമരത്തിൽ അതിന്‍റെ പങ്കിനെക്കുറിച്ച് അഭിമാനിക്കുന്നു. പത്രത്തിന്‍റെ തലക്കെട്ടിൽ പണ്ഡിറ്റ് നെഹ്‌റുവിന്‍റെ ഉദ്ധരണി ഞങ്ങൾ ഓർക്കുന്നു – “സ്വാതന്ത്ര്യം അപകടത്തിലാണ്, നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുക” – മല്ലികാർജുന്‍ ഖാർഗെ കുറിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് പതിവാണ്. ബിജെപിയുടെ ഇത്തരം ഹീനമായ നീക്കങ്ങള്‍ മനസിലാക്കാനുള്ള ജനങ്ങളുടെ കഴിവില്‍ കോണ്‍ഗ്രസിന് പൂർണ്ണ വിശ്വാസമുണ്ടെന്നും ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു.
Reports of attachment of AJL's properties by the Enforcement Directorate are a clear indication of the BJP's panic in the ongoing elections.
Staring at defeat in Chhattisgarh, Madhya Pradesh, Rajasthan, Telangana and Mizoram, the BJP Govt feels compelled to misuse its… pic.twitter.com/pnJYnVartI
— Mallikarjun Kharge (@kharge) November 21, 2023