ന്യൂസ് ക്ലിക്ക് കേസില്‍ അമേരിക്കന്‍ വ്യവസായി നെവില്‍ റോയി സിംഘത്തെ ചോദ്യം ചെയ്യും; ചൈനീസ് സര്‍ക്കാരിന് ഇഡി നോട്ടീസ്

Jaihind Webdesk
Thursday, November 16, 2023

 

ന്യൂസ് ക്ലിക്ക് കേസില്‍ അമേരിക്കന്‍ വ്യവസായി നെവില്‍ റോയി സിംഘത്തെ ചോദ്യം ചെയ്യാന്‍ ഇഡി. സിംഘത്തെ ചോദ്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം വഴി ഇഡി നോട്ടിസ് അയച്ചു. ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള സിംഘാം ന്യൂസ് ക്ലിക്കിന് പണം നല്‍കി എന്ന വാര്‍ത്തക്ക് പിന്നാലെയാണ് കേസ് തുടങ്ങുന്നത്. ഷാങ്ഹായ് കേന്ദ്രീകരിച്ചാണ് നെവില്‍ റോയ് സിംഘാം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശകാര്യമന്ത്രാലയം വഴി ചൈനീസ് സര്‍ക്കാരിലേക്കാണ് ഇഡിയുടെ നോട്ടീസ് എത്തിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സിംഘത്തെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ഈ കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിന്റെ എഡിറ്ററടക്കം രണ്ട് പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

അതേ സമയം, ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിഷേധിച്ച് അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘാം രം?ഗത്തെത്തിയിരുന്നു. താന്‍ ചൈനീസ് ഏജന്റല്ലെന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നോ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്നും ആയിരുന്നു സിംഘത്തിന്റെ വിശദീകരണം. സ്വന്തം കമ്പനികളിലൂടെയാണ് വരുമാനമുണ്ടാക്കുന്നത്. ഒരു നിരോധിത സംഘടനയുമായും തനിക്ക് ബന്ധമില്ല. 2000 മുതല്‍ ഇന്ത്യയുമായി ബിസിനസ് ആവശ്യങ്ങള്‍ക്കായി ബന്ധം പുലര്‍ത്തുന്നുണ്ട്. ബിസിനസുകാരനായ തനിക്ക് സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുമായി ബന്ധമുണ്ടാകുമെന്നും നെവില്‍ റോയ് സിംഘം പറഞ്ഞു. ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്നാണ് ദില്ലി പൊലീസ് എഫ്.ഐ.ആര്‍. ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചുവെന്നാണ് പറയുന്നത്. രണ്ട് സ്ഥാപനങ്ങള്‍ അമേരിക്കന്‍ വ്യവസായി നിവില്‍ റോയി സിംഘമിന്റെയും ഒന്ന് ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതെന്നുമാണ് പൊലീസ് പറയുന്നത്. ഈ സ്ഥാപനങ്ങളില്‍നിന്ന് 2018 മുതല്‍ ഫണ്ടുകള്‍ കൈപ്പറ്റിയെന്നും പറയുന്നു. ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കില്‍ ഓഹരിയുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.