ഇലക്ട്രിസിറ്റി ഡ്യൂട്ടി സർക്കാരിലേക്ക് നേരിട്ട്; ഉത്തരവിനെതിരെ ഹർജിയുമായി കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ

Jaihind Webdesk
Thursday, November 9, 2023

 

കൊച്ചി: കമ്പനി ആയതുമുതൽ പത്തു വർഷത്തേക്ക് പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതമായി 2023 ഒക്ടോബർ 31 വരെ കെഎസ്ഇബിക്ക് അനുവദിച്ചിരുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി നവംബർ 1 മുതൽ സർക്കാരിലേക്ക് നേരിട്ട് അടയ്ക്കുന്നതിനു വേണ്ടി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു.

നവംബർ ഒന്നിന് ഗസറ്റ് വഴി വിജ്ഞാപനം ചെയ്ത ഊർജവകുപ്പിന്‍റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് അഡ്വ. പി. രാമകൃഷ്ണൻ മുഖേന സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഗസറ്റ് വിജ്ഞാപനം വഴി മാസ്റ്റർ ട്രസ്റ്റിലേക്കുള്ള പെൻഷൻ ഫണ്ടിന്‍റെ സർക്കാർ – കെഎസ്ഇബി വിഹിതം സംബന്ധിച്ച കൈമാറ്റ പദ്ധതിയിലെ വ്യവസ്ഥകൾ അപ്പാടെ ഒഴിവാക്കിയിരിക്കുന്നത് നിയമവിരുദ്ധവും പെൻഷൻ നൽകുന്നതിനു രൂപീകരിച്ചിട്ടുള്ള മാസ്റ്റർ ട്രസ്റ്റിന്‍റെ പ്രവർത്തനം സ്തംഭിക്കാൻ ഇടവരുത്തുന്നതും സർക്കാരും കെഎസ്ഇബി ലിമിറ്റഡും സംഘടനകളും തമ്മിലു ണ്ടാക്കിയിട്ടുള്ള ത്രികക്ഷി കാരറിനെ ദുർബ്ബലപ്പെടുത്തുന്നതുമാണ്.

ത്രികക്ഷി കരാർ പാലിച്ച് സംസ്ഥാന സർക്കാരും കെഎസ്ഇബി ലിമിറ്റഡും മാസ്റ്റർ ട്രസ്റ്റിൽ പെൻഷൻ ഫണ്ട്‌ വിഹിതം നിക്ഷേപിക്കാത്തതിനെതിരെയും അധിക ബാധ്യതയ്ക്കുള്ള സർക്കാർ വിഹിതമായി ഇലക്ട്രിസിറ്റി ഡ്യൂട്ടി ഉപയോഗിക്കുവാൻ കെഎസ്ഇബിക്ക് നൽകിയിട്ടുള്ള അനുമതി ദീർഘി പപിക്കണമെന്നാവശ്യപ്പെട്ടും കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ നേരത്തെ സമർപ്പിച്ച ഹർജിയിലെ ഉത്തരവ് പ്രകാരമുള്ള നടപടികൾ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലിരിക്കെ ഇപ്പോഴത്തെ ഉത്തരവ് കോടതി വിധിയുടെ അന്തസത്തയ്ക്ക് എതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.