ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. കേസില്‍ 2 പേർ കസ്റ്റഡിയിൽ. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിടെ കൊല്ലപ്പെട്ട സൈന സ്റ്റേഷന് ഓഫീസറായ സുബോദ് കുമാര്‍ സിംഗ് വെടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
യുപിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് 2015ൽ ഗോ സംരക്ഷകര്‍ അഖ്ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്ന കേസിന്റെ അന്വേഷണ ഉദാഗസ്ഥനായ സുബോദ് കുമാര്‍ സിംഗ് തിങ്കളാഴ്ചയാണ് ആൾ കുട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോലീസ് ഉദ്യാഗസ്ഥന്റെ കൊലപാതകം വലിയ വിവാദമായതിന് പിന്നാലെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചത് .രണ്ട് ദിവസത്തിനുള്ളിൽ പ്രാഥ മിക റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. സൈന സ്റ്റേഷന് ഓഫീസറായിരുന്ന സുബോദ് കുമാര്‍ സിംഗ് വെടിയേറ്റു മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പശുക്കളുടെ ശരീര അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങൾ വനപ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച്ച രാവിലെ കലാപം ആരംഭിച്ചത്. അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. കലാപത്തിനിടെ സുബോദ് കുമാര്‍ സിംഗിനേയും സഹപ്രവര്‍ത്തകരേയും കലാപകാരികള്‍ ആദ്യം ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പോകും വഴി ഇവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടാവുകയായിരുന്നു.
സുബോധ് സിംഗിന്റെ ഇടത്തേ കണ്ണിന് അടുത്താണ് വെടിയേറ്റത്. വെടിയുണ്ട തലച്ചോറില്‍ തറച്ച നിലയിലായിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്സണല്‍ റിവോള്‍വറും കാണാതായിട്ടുണ്ട്.
2015 സെപ്റ്റംബര്‍ മുതൽ നവംബര്‍ വരെയാണ് അഖ് ലാഖ് കൊലപാതക കേസ് സുബോദ് കുമാർ സിംഗ് അന്വേഷിച്ചത്. ബീഫ് കൈവശം വച്ചു എന്ന് ആരോപിച്ചായിരുന്നു അഖ് ലാക്കിനെ ഗോ സംരക്ഷകർ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവം ദേശീയ തലത്തിൽ പോലും വലിയ ചർച്ചയാവുകയും കേന്ദ്ര സർക്കാരിനെ പോലും പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.