തള്ളിപ്പറയല്‍ മാത്രം കേള്‍ക്കുന്ന ജന്മമായി ജലീല്‍ മാറി: പ്രതിപക്ഷ നേതാവ്

Wednesday, July 27, 2022

തിരുവനന്തപുരം: തള്ളിപ്പറയുന്നത് മാത്രം കേൾക്കുന്ന ജന്മമായി കെ.ടി ജലീൽ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രിസഭയിൽ ഇരുന്ന് പ്രൊട്ടോകോൾ ലംഘനം നടത്തിയ ഒരാളോട് കാര്യങ്ങൾ ചോദിക്കാൻ മുഖ്യമന്തി തയാറായിട്ടില്ലെന്നത്  അത്ഭുതകരമാണ്. ലോകായുക്തയെ ജലീൽ തള്ളിപ്പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മാധ്യമം വിവാദത്തില്‍ കെ.ടി ജലീലിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷാണ് ജലീല്‍ കത്തെഴുതിയെന്ന് വെളിപ്പെടുത്തിയത്. വിവാദമായതോടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജലീലിന്‍റെ നടപടിയെ തള്ളിപ്പറഞ്ഞിരുന്നു. കെ.ടി ജലീൽ യുഎഇ കോൺസൽ ജനറലിനു കത്ത് അയച്ചെന്ന സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘കത്ത് അയച്ചിട്ടുണ്ടെങ്കിൽ അയയ്ക്കാൻ പാടില്ലായിരുന്നു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജലീലുമായി ഈ വിഷയം ഇതുവരെ സംസാരിച്ചിട്ടില്ല. നേരിട്ടു കണ്ടിട്ടുമില്ല. നേരിട്ടു കാണുമ്പോൾ സംസാരിക്കാനിരിക്കുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.