കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പി.കെ.ശശിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, November 26, 2018

Ramesh-Chennithala

തിരുവനന്തപുരം: യുവതിയുടെ പീഢന പരാതിയില്‍ പാര്‍ട്ടി കമ്മീഷനെ വച്ച് സി.പി.എം നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പി.കെ.ശശി എം.എല്‍.എയ്ക്ക് എതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരായ പീഢനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ പാര്‍ട്ടി അല്ല അന്വേഷണം നടത്തി ശിക്ഷ വിധിക്കേണ്ടത്. അത് ചെയ്യേണ്ടത് പൊലീസും കോടതിയുമാണ്. നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥിതിയും നിലനില്‍ക്കുന്ന സംസ്ഥാനത്ത് അതാണ് നടക്കേണ്ടത്. പാര്‍ട്ടിയുടെ അന്വേഷണവും ശിക്ഷയും കൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായിരിക്കും. പാര്‍ട്ടി തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നടപടി ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്നതിനുള്ള ഞണുക്ക് വിദ്യമാത്രമാണ്. ആറു മാസത്തെ സസ്‌പെന്‍ഷന്‍ കഴിയുമ്പോള്‍ ശശി വീണ്ടും പാര്‍ട്ടിയില്‍ ശക്തനായി മടങ്ങി എത്തും.

ഇവിടെ പി.കെ.ശശി കുറ്റം ചെയ്തതായി പാര്‍ട്ടി തന്നെ കണ്ടെത്തിയിരിക്കുകയാണ്. കുറ്റകൃത്യം നടന്നിരിക്കുന്ന സ്ഥിതിക്ക് പെണ്‍കുട്ടിയുടെ പരാതിക്ക് കാത്ത് നില്‍ക്കാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.