ദുരിതാശ്വാസ ഫണ്ടിന് കണക്കില്ല; സര്‍ക്കാരിന്‍റേത് ഗുരുതര കൃത്യവിലോപം: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, November 4, 2018

പ്രളയ ദുരിതാശ്വാസത്തിനായി എം.പിമാരും എം.എല്‍.എമാരും സംഭാവന ചെയ്ത തുകകള്‍ പോലും സര്‍ക്കാര്‍ വരവ് വെക്കാത്തത് ഗുരുതരമായ കൃത്യവിലോപവും, കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഒരു മാസത്തെ ശമ്പളമാണ് എം.എല്‍.എമാരും, എം.പിമാരും സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഇതിന്‍റെ കണക്ക് പോലും സര്‍ക്കാരിന്‍റെ കയ്യിലില്ല എന്നാണ് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്ന രേഖകള്‍ വ്യക്തമാക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പോലും സംഭാവന കൊടുത്ത എം.എല്‍.എ മാരുടെ കൂട്ടത്തില്‍ ഇല്ല. എം.എല്‍.എമാരും എം.പിമാരും സംഭാവന ചെയ്ത തുകയുടെ കണക്കുകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗുരുതരമായ അലംഭാവമാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച വന്‍ തുകകള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സര്‍ക്കാരിന്‍റേത് ഗുരുതരമായ കൃത്യവിലോപമാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.