ആവേശപ്പോരില്‍ സ്വീഡനെ കീഴടക്കി ജര്‍മനി

Jaihind News Bureau
Monday, June 25, 2018

പത്ത് പേരുമായി ചുരുങ്ങിയിട്ടും ജർമനി സ്വീഡനെ കീഴടക്കി. ആരാധകർ ആഗ്രഹിച്ച തിരിച്ചു വരവായിരുന്നു നിലവിലെ ചാമ്പ്യൻമാർ നടത്തിയത്. ഈ ജയം ആരാധക പ്രതീക്ഷ വീണ്ടും വാനോളമുയർത്തുന്നു.

മൽസര ഫലം പ്രവചനാതീതമായിരുന്നു. കാരണം മൈതാനത്ത് ജർമനിയാണ്. പതിവിൽ നിന്നും വ്യത്യസ്തമായി തുടക്കം മുതൽ ഇംഗ്ലണ്ട് ആക്രമിച്ചു. സമഗ്ര ആധിപത്യം ജർമൻ പോരാളികൾക്ക്. പക്ഷേ സ്‌കാൻഡിനേവിയൻ കാറ്റു ശക്തിയായി വീശി. പ്രതിരോധനിരയിൽ വിള്ളൽ വീണപ്പോൾ നെഞ്ചിൽ സ്വീകരിച്ച പന്ത് ടൊയ്‌വോനൻ ജർമൻ കാവൽക്കാരൻ ന്യൂയറുടെ തലയ്ക്കു മുകളിലൂടെ കോരി വലയിലിട്ടു.

മുറിവേറ്റ സിംഹങ്ങൾ സടകുടഞ്ഞെഴുന്നേറ്റു. പിഴവുകളൊന്നും ഉണ്ടായില്ല. രണ്ടാം പാതിയുടെ മൂന്നാം മിനിറ്റിൽ ഗോൾ.സ്വീഡിഷ് പ്രതിരോധം പിഴച്ചപ്പോൾ റൂസിന്റെ കാലുകൾ പ്രവർത്തിച്ചു.

ലീഡിനായി പലതവണ ആക്രമിച്ചു. വ്യക്തയുള്ള പാസുകളുളായിരുന്നു ജർമനിയുടേത്. നിർഭാഗ്യം കൂട്ടുകൂടിയപ്പോൾ ഷോട്ടുകൾ പോസ്റ്റിൽ പിഴച്ചു. സ്വീഡിഷ് ഗോളി റോബിൻ ഒൽസും നിസാരക്കാരനായിരുന്നില്ല.

ബോട്ടെങിന് മഞ്ഞക്കാർഡ് കിട്ടിയപ്പോൾ വീണ്ടും നിരാശ. പക്ഷേ ജർമൻ പോരാളികൾ അത് അത്ര വകവച്ചില്ല. ബോട്ടെങ് നിങ്ങൾ വിശ്രമിക്കൂ. വെർണർ മുന്നിലുണ്ടല്ലോ. മുള്ളറും ഡ്രാക്‌സലറും റൂസും ക്രൂസും ഗ്രൗണ്ടിലുണ്ട്. ഒടുവിൽ അവസാന നിമിഷം റൂസ് തട്ടിക്കൊടുത്ത പന്ത് ക്രൂസ് വലയിലെത്തിച്ചു.

ഇതാണ് ജർമനി. അവർ പവർ ഹൗസാണ്. ഏത് നിമിഷവും തിരിച്ചു വരാം. അത് ഒരിക്കൽ കൂടികാണിച്ചു തരികയും ചെയ്തു.