ഒന്നര മണിക്കൂറില്‍ 98 മില്ലീമീറ്റർ മഴ; കൊച്ചിയിലേത് മേഘവിസ്ഫോടനമാകാമെന്ന് കുസാറ്റ് അധികൃതര്‍

Jaihind Webdesk
Tuesday, May 28, 2024

 

കൊച്ചി: കൊച്ചിയിലെ കനത്ത മഴയ്ക്കു പിന്നില്‍ മേഘവിസ്ഫോടനമാകാമെന്ന് കുസാറ്റ് അധികൃതര്‍. ഒന്നര മണിക്കൂറില്‍ 98 മില്ലീമീറ്റർ മഴ കൊച്ചിയില്‍ പെയ്തുവെന്ന് കുസാറ്റിലെ അസോസിയേറ്റ് പ്രോഫസർ എസ്. അഭിലാഷ് അറിയിച്ചു.  വരും മണിക്കൂറിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണ് കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ പുലർച്ചെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്.  കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. ആലുവ ഇടക്കാളി റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നഗരത്തിൽ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് രാവിലെ തന്നെയുണ്ടാകുന്നത്. അതേസമയം മത്സ്യ തൊഴിലാളികള്‍ ജാഗ്രതാ പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.  ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും ബീച്ചുകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.