പുതുപ്പള്ളി വിധിയെഴുതി; 72.9 ശതമാനം പോളിംഗ് രേഖപ്പെടുത്തി

Jaihind Webdesk
Tuesday, September 5, 2023

 

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.9 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ആറുമണിക്ക് മോക് പോളിന് ശേഷം ആയിരുന്നു വോട്ടെടുപ്പ് ആരംഭിച്ചത്. തുടർന്ന് ഏഴുമണിയോടെയായിരുന്നു വോട്ടർമാരെ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് അനുവദിച്ചത്. രാവിലെ മുതൽ തന്നെ വലിയ രീതിയിലുള്ള മുന്നേറ്റം ആയിരുന്നു പോളിംഗില്‍ കാണാൻ കഴിഞ്ഞത്. ഉച്ചയോടെ പോളിംഗ് 50 ശതമാനത്തിൽ എത്തി. ഇടയ്ക്ക് മഴ വില്ലൻ ആയെങ്കിലും പോളിംഗ് ശതമാനത്തിൽ കുറവ് സംഭവിച്ചില്ല.

സ്ത്രീ വോട്ടർമാരടക്കം നിരവധി പേർ വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലെത്തി. ശാരീരിക ബുദ്ധിമുട്ടുള്ളവർ പോലും  രാവിലെ മുതൽ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. കഴിഞ്ഞ തവണ 74.84% ആയിരുന്നു പോളിംഗ് ശതമാനം. 182 ബൂത്തുകളിലും രാവിലെ മുതൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.  ഇടയ്ക്ക് ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ സ്ലോ ആയിരുന്നത് പരാതിക്കിടയാക്കി. നിരവധി വോട്ടർമാർക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു. ഇതോടെ പലർക്കും വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ലെന്ന് കാട്ടി ചാണ്ടി ഉമ്മൻ കളക്ടർക്ക് പരാതി നല്‍കി. എന്തായാലും മികച്ച പോളിംഗില്‍ ശുഭപ്രതീക്ഷയിലാണ് മുന്നണികള്‍.