പൗരത്വനിയമഭേദഗതിക്കെതിരായ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനത്തിന് കൊല്ലത്ത് സമാപനം

Jaihind News Bureau
Monday, December 30, 2019

സമസ്തയുടെ പോഷകസംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനം കൊല്ലത്ത് സമാപിച്ചു. പൗരത്വനിയമഭേദഗതിക്കെതിരായ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സമ്മേളനത്തിന്‍റെ സമാപനം.

പൗരത്വ ഭേദഗതിനിയമത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങളും ആശങ്കകളുമാണ് കൊല്ലത്തുനടന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക സമ്മേളനത്തിൽ ഉടനീളം നിറഞ്ഞുനിന്നത്. രാജ്യത്തുനിന്ന് ഒരുവിഭാഗത്തെ ഒഴിവാക്കാനുള്ള സംഘപരിവാർ അജണ്ട വ്യാമോഹമാണെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വവും മത സൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ ബി ജെ പി സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരത്തിന് രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങൾ തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്തക്ക് കീഴിലെ മദ്രസാധ്യാപകരും പ്രവർത്തകരുമുൾപ്പെടെ പതിനായിരങ്ങളാണ് നാലുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ പങ്കെടുത്തത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിജ്ഞയും സമ്മേളനത്തിൽ ഉയർന്നു.