52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് അവസാനം

52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചു. നീണ്ടകര പാലത്തിന്‍റെ തൂണുകളിൽ ബന്ധിപ്പിച്ചിട്ടുള്ള ചങ്ങലയുടെ പൂട്ട് തുറന്ന് വിസിൽ മുഴങ്ങിയതോടെയാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്. കൊച്ചി, മുരുക്കുംപാടം, മുനമ്പം മത്സ്യബന്ധന കേന്ദ്രങ്ങളിൽ നിന്നായി 1200ൽ പരം ബോട്ടുകളാണ് ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.

കഴിഞ്ഞ ഒരാഴ്ചയായി കടൽ ഇളകി അന്തരീക്ഷം തെളിഞ്ഞതോടെ കടലിൽ മത്സ്യത്തിൻറെ സാന്നിധ്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

അതേസമയം കേരളതീരത്ത് മത്സ്യസമ്പത്ത് കുറഞ്ഞത് തിരച്ചടിയാവുമെന്നും സൂചനയുണ്ട്.

നിരോധന സമയത്ത് മീൻ പിടിക്കാൻ അനുമതിയുള്ള പരമ്പരാഗത തൊഴിലാളികൾക്കും കാര്യമായി മീൻ ലഭിച്ചിരുന്നില്ല. കടലിൽ ഒളിഞ്ഞിരിക്കുന്ന ചാകരയിൽ മാത്രമാണ് തീരത്തിന്റെ ഇനിയുള്ള ഏക പ്രതീക്ഷ. മീൻ ലഭിച്ചില്ലെങ്കിലും ലക്ഷങ്ങൾ മുടക്കി ഉടമകൾ ബോട്ടുകൾ തയ്യാറാക്കിയിരുന്നു. തൊഴിലാളികൾ കടൽയാത്രയ്ക്കുള്ള ഒരുക്കങ്ങളും കഴിഞ്ഞദിവസങ്ങളിൽ പൂർത്തിയാക്കി. മടങ്ങിവരുമ്പോൾ ബോട്ട് നിറയെ മീൻ ഇല്ലെങ്കിൽ തൊഴിലാളികളും ബോട്ടുടമയും മാത്രമല്ല മീൻ കഴിക്കുന്നവരും നിരാശരാകും. സാധാരണക്കാരന്റെ പ്രിയപ്പെട്ട മത്തിയുടെ വില ട്രോളിങ് കാലത്ത് ഇരുന്നൂറ്റിയമ്പത് കടന്നിരുന്നു.

ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ തീരം പ്രതീക്ഷയിൽ ആണെങ്കിലും കാലാവസ്ഥ ചതിക്കുമോ എന്ന ആശങ്ക മത്സ്യത്തൊഴിലാളികളിൽ നിലനിൽക്കുന്നുണ്ട്. അതേസമയം മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസ് അടക്കമുള്ളവ വർദ്ധിപ്പിച്ചതിനെതിരായ പ്രതിഷേധം മേഖലകളിൽ ശക്തമാണ്. 5000 രൂപയായിരുന്ന ബോട്ടുകളുടെ ലൈസൻസ് ഫീസ് 52,000 രൂപയാണ് ഉയർത്തിയിട്ടുള്ളത്. ഇതിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും ഉടമകൾ ഒരുങ്ങുന്നുണ്ട്.

 

https://youtu.be/2f4S0kmxHkk

trawling bankerala
Comments (0)
Add Comment