കൊവിഡ് രണ്ടാം തരംഗത്തില്‍ നഷ്ടമായത് 244 ഡോക്ടര്‍മാരെ ; ഞായറാഴ്ച മാത്രം മരിച്ചത് 50 പേരെന്ന് ഐഎംഎ

ന്യൂഡൽഹി : കൊവിഡിന്‍റെ രണ്ടാം തരം​ഗത്തിൽ രാജ്യത്ത് ഇതുവരെ 244 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഞായറാഴ്ച മാത്രം 50 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചതായും ഐഎംഎയുടെ റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ എണ്ണം ആയിരം കടന്നതായി ഐഎംഎ പറയുന്നു.  ഔദ്യോ​ഗിക കണക്ക് ഇതാണെങ്കിലും യഥാർത്ഥ കണക്കുകൾ ഇതിലും കൂടിയേക്കാം എന്നും ഐഎംഎ പറയുന്നു. ഐഎംഎയിൽ അം​ഗങ്ങളായ 3.5 ലക്ഷം ഡോക്ടർമാരുടെ കണക്കുകളാണ് ഇവരുടെ പക്കലുള്ളത്. കൊവിഡിന്‍റെ ആദ്യ തരംഗത്തോട് പോരാടി 736 ഡോക്ടർമാരാണ് കഴിഞ്ഞ വർഷം മരണത്തിന് കീഴടങ്ങിയത്.

രണ്ടാം തരം​ഗത്തിൽ ബിഹാറില്‍ മാത്രം 69 ഡോക്ടര്‍മാരാണ് മരിച്ചത്. ഉത്തർപ്രദേശിൽ 34 ഡോക്ടർമാരും ഡൽഹിയിൽ 27 ഡോക്ടർമാരും മരിച്ചു. ഇവരിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാന്‍ സാധിച്ചത് മൂന്ന് ശതമാനം പേര്‍ക്ക് മാത്രമായിരുന്നു.

Comments (0)
Add Comment