കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ 3366 പേരാണ് നിരീക്ഷണത്തിൽ ഉളളത്. ജില്ലയിൽ ഒടുവിൽ ലഭിച്ച 36 പരിശോധനാ ഫലവും നെഗറ്റീവാണ്.
വീടുകളിൽ 3336 പേരും ആശുപത്രികളിൽ 30 പേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഏഴു പേരെ ഡിസ്ചാർജ്ജ് ചെയ്തു. 20 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 356 സാമ്പിളുകളാണ് ഇതു വരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 316 എണ്ണത്തിന്റെ ഫലം വന്നു. 40 പേരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട്. ഒടുവിൽ ലഭിച്ച 36 പരിശോധന ഫലവും നെഗറ്റീവാണ്.
റെയിൽവേ സ്റ്റേഷനുകളടക്കമുളള ഹെൽപ്പ് ഡസ്കുകളിൽ ആളുകളെ സ്ക്രീൻ ചെയ്തതിനെ തുടർന്ന് 26 പേരെ ആശുപത്രികളിലേക്ക് പരിശോധനയ്ക്ക് അയച്ചു. 106 പേരെ വീടുകളിലേക്കും നിരീക്ഷണത്തിന് അയച്ചു. വാർഡ് തലത്തിൽ ജനമൈത്രി പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം ഗൃഹസന്ദർശനം തുടരുകയാണ്. ഇന്നലെ 2516 വീടുകളിൽ ഇപ്രകാരം സന്ദർശനം നടത്തി. നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുളളവർ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നാണ് സംഘം പരിശോധിക്കുക. ബോധവൽക്കരണ പ്രവർത്തനങ്ങളും ഭവനസന്ദർശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.