മലയാളത്തിന്‍റെ മണിനാദം നിലച്ചിട്ട് ഇന്ന് മൂന്ന് വർഷം. വർഷങ്ങൾ പിന്നിടുമ്പോഴും മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു. പാടിത്തീരാത്ത ഗാനം പോലെ പാതി നിലച്ചുപോയ ആ അപൂർവ്വ കലാ ജീവിതത്തെ ഇന്നും മലയാളികൾ നെഞ്ചോടു ചേർത്ത് പിടിക്കുന്നു.
മലയാള സിനിമയിലും മലയാള മനസ്സിലും നിറഞ്ഞു നിന്ന കലാഭവൻ മണി എന്ന അതുല്യ പ്രതിഭയുടെ ഓർമ്മയിലാണ് ഇന്നും മലയാളികൾ. മലയാള സിനിമയിൽ മണി ബാക്കിവെച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണി അന്യ ഭാഷകളിലുള്ളവർക്കും പ്രിയപ്പെട്ടവനായിരുന്നു. നാടന്‍ പാട്ടും മിമിക്രിയും കൊണ്ട് തന്‍റേതായ സ്ഥാനം നേടിയ മണിയുടെ ചിരി ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ നില്‍ക്കുന്നു. മണി വിടവാങ്ങിയിട്ട് 3 വർഷം പിന്നിടുമ്പോഴും മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ ബാക്കിയാണ്.
2016 മാർച്ച് 6 നാണ് അപ്രതീക്ഷിതമായ രീതിയിൽ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കലാഭവൻ മണിയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണമെന്ന് പ്രാഥമിക നിഗമനമെങ്കില്ലും ആന്തരിക അവയവങ്ങളുടെ പരിശോധനയിൽ വിഷാംശം കണ്ടെത്തിയത് ദുരൂഹതയ്ക്ക് ബലം കൂട്ടി. മണിയുടെ ശരീരത്തിൽ രാസവസ്തുക്കളുടെ മറ്റു തെളിവുകളും ഉയർത്തിയ സാധ്യതകളെല്ലാം തന്നെ അന്വേഷണം നീട്ടുകയായിരുന്നു. സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്‌തെങ്കിലും നിർണായക വിവരങ്ങളൊന്നും കിട്ടിയില്ല. കുടുംബത്തിന്‍റെ ആവശ്യപ്രകാരം കേസ് 2017ൽ സിബിഐക്ക് വിടുകയായിരുന്നു.
സിനിമരംഗത്തുള്ള സുഹൃത്തുക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തു. തുടർന്ന് മരണത്തിന് തൊട്ടുമുൻപുള്ള സമയത്ത് മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫർ ഇടുക്കിയും സാബുമോനും അടക്കമുള്ള സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചെങ്കില്ലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മണിയുടെ മൂന്നാം ചരമവാർഷികത്തിലും മരണ കാരണം സംബന്ധിച്ച് വ്യക്തത വരുവാൻ കാത്തിരിക്കുകയാണ് കുടുംബവും ആരാധകരും.