‘ഈ വിധിയില്‍ അത്ഭുതമില്ല; നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെ അല്ല’: ആദ്യ പ്രതികരണവുമായി അതിജീവിത

Jaihind News Bureau
Sunday, December 14, 2025

കോടതി വിധി വന്നതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി അതിജീവിത സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. കോടതിയുടെ ഈ വിധിയില്‍ തനിക്ക് ഒട്ടും അത്ഭുതമില്ലെന്നും, കാരണം കോടതിയിലുണ്ടായിരുന്ന വിശ്വാസം തനിക്ക് നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു എന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെ അല്ലെന്ന് വേദനയോടെ താന്‍ തിരിച്ചറിയുന്നു. ഒരു പൗര എന്ന നിലയില്‍ തന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ആരോപിച്ചു. വിധിക്കു ശേഷം ഇതാദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്.

ഈ കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പോലും തന്നോട് പറഞ്ഞിരുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തി. അവര്‍ക്ക് കോടതിയില്‍ പക്ഷപാതമുണ്ടെന്ന തോന്നലുണ്ടായിരുന്നു. കേസിന്റെ പ്രധാന തെളിവുകളിലൊന്നായ മെമ്മറി കാര്‍ഡ്, കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മൂന്ന് തവണ അനധികൃതമായി തുറന്നു പരിശോധിച്ചു എന്ന ഗുരുതരമായ ആരോപണവും അവര്‍ ഉന്നയിച്ചു.

ഒന്നാം പ്രതി തന്റെ പേഴ്സണല്‍ ഡ്രൈവര്‍ ആയിരുന്നു എന്ന വാദം അതിജീവിത തള്ളിക്കളഞ്ഞു. അയാള്‍ തന്റെ ജീവനക്കാരനോ തനിക്ക് പരിചയമുള്ള വ്യക്തിയോ അല്ലായിരുന്നു എന്നും, 2016-ല്‍ ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷന്‍ ഏല്‍പ്പിച്ചയാള്‍ മാത്രമായിരുന്നു എന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. തന്റെ വേദനകളെ കളിയാക്കിയവര്‍ക്കും, കേസ് കെട്ടിച്ചമച്ച കഥയെന്ന് പറഞ്ഞവര്‍ക്കുമായി ഈ വിധിയെ സമര്‍പ്പിക്കുന്നു എന്ന് കുറിച്ചുകൊണ്ട്, ഈ ദുഷ്‌കരമായ യാത്രയില്‍ തന്നോടൊപ്പം നിന്ന എല്ലാ നല്ല മനുഷ്യര്‍ക്കും അവര്‍ നന്ദി അറിയിച്ചു.