ശബരിമല : സമരം പ്രഖ്യാപിച്ച് യുഡിഎഫ്; 3 MLAമാര്‍ സത്യാഗ്രഹത്തില്‍

Monday, December 3, 2018

MLA-Strike-Satyagraham

ശബരിമല വിഷയത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തമാക്കി യുഡിഎഫ്.  എംഎല്‍എ മാരായ വി.എസ്. ശിവകുമാര്‍, പാറക്കൽ അബ്ദുള്ള, ഡോ. ജയരാജ് എന്നിവരാണ് നിയമസഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തുന്നത്. ഈ നിയമസഭാ സമ്മേളനം തുടങ്ങിയതിന് ശേഷം ശബരിമല വിഷയത്തില്‍ യുഡിഎഫിന്‍റെ ശക്തമായ നിലപാടുകള്‍ നിയമസഭയിലും പ്രതിധ്വനിച്ചിരുന്നു.

സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ നിയമസഭാ നടപടികള്‍ പൂര്‍ണമാക്കാന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞില്ല. പ്രതിപക്ഷ പ്രതിഷേധം അത്ര കടുത്തതായിരുന്നു. ഇന്നും നിയമസഭയില്‍ നിറഞ്ഞ് നിന്നത് ശബരിമല വിഷയം തന്നെയായിരുന്നു.  നിയമസഭയ്ക്ക് പുറത്തും യുഡിഎഫ് സമരം ശക്തമാക്കുകയാണ്. ഡിസംബര്‍ 5ന്  കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണകളും നടക്കും.