മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയിനത്തില്‍ കൈപ്പറ്റിയത് 3.17 കോടി: ബജറ്റില്‍ നീക്കിവെച്ച തുകയും കടന്ന് കുതിപ്പ്! ജനം നട്ടം തിരിയുമ്പോഴും മന്ത്രിമാരുടെ ആർഭാടത്തിന് തെല്ലും കുറവില്ല

Jaihind Webdesk
Monday, April 3, 2023

 

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയിനത്തില്‍ കൈപ്പറ്റിയത് 3.17 കോടി രൂപ.യാത്രാപടിയിനത്തിൽ ബജറ്റ് വിഹിതമായി നീക്കിവെച്ചിരുന്നത് 2.5 കോടി രൂപയായിരുന്നു. എന്നാൽ മന്ത്രി സംഘത്തിന്‍റെ യാത്രാപ്പടി ഇതിനെ ഒക്കെ മറികടന്നതോടെയാണ് കടുത്ത പ്രതിസന്ധികൾക്കിടയിലും ഇതിനുള്ള തുക ധനകാര്യവകുപ്പ് അനുവദിച്ചത്.

ബജറ്റ് വിഹിതത്തേയും മറികടന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാച്ചെലവ് കുതിക്കുകയാണ്. 2.5 കോടി രൂപയായിരുന്നു ഈ ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം വകയിരുത്തിയിരുന്നത്. എന്നാൽ സംസ്ഥാനത്തെ കനത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും യാത്രാപ്പടി ഇതിനെയൊക്കെ മറികടന്ന് 3.17 കോടിയായി അധികരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ കനത്ത സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി ചെലവുകൾ വെട്ടിക്കുറക്കുകയും തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതം നൽകാതിരിക്കുകയും ചെയ്യുന്ന ധനകാര്യ വകുപ്പ് പക്ഷേ മന്ത്രിമാരുടെ യാത്രപ്പടികൾ കൃത്യമായി നൽകുന്നതിൽ തികച്ചും കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുകയാണ്.

കനത്ത സാമ്പത്തിയ പ്രതിസന്ധികൾക്കിടയിൽ മാർച്ച് 20 ന് 18.59 ലക്ഷം രൂപയും മാർച്ച് 27 ന് 20 ലക്ഷം രൂപയും ധനവകുപ്പ് ഇത്തരത്തിൽ അധിക യാത്രബത്തയായി അനുവദിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ മന്ത്രിമാരുടെ യാത്രാബത്തയ്ക്കു അനുവദിച്ച 3.17 കോടിയിൽ നിന്നും തുക ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. സമീപകാലത്ത് ഗവർണർക്ക് വിമാന യാത്രയ്ക്ക് 20 ലക്ഷം രൂപ ഇത്തരത്തിൽ അധികമായി സർക്കാർ അനുവദിച്ചത് വിവാദമായിരുന്നു.

വിലക്കയറ്റത്തിൽ പൊറുതിമുട്ടിയിരുന്ന ജനങ്ങൾക്ക് മേൽ 4000 കോടി രൂപയുടെ അധിക നികുതി ബാധ്യതകൾ അടിച്ചേൽപ്പിച്ച ശേഷമാണ് സർക്കാർ ഇത്തരത്തിൽ ധൂർത്ത് തുടരുന്നത്. സമസ്ത മേഖലകളിലും ജനജീവിതം ദുഃസഹമായിരിക്കെ മന്ത്രിമാരുടെ യാത്രാബത്തയ്ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കോടികൾ ധൂർത്തടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.