ഇന്ത്യയില്‍ ഒറ്റദിവസം 3.14 ലക്ഷം കൊവിഡ് രോഗികള്‍ ; ലോകത്തെ ഏറ്റവും ഉയർന്ന കണക്ക്, മരണം 2,104

Jaihind Webdesk
Thursday, April 22, 2021

ന്യൂ‍ഡൽഹി : രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.14 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. യുഎസിൽ മാത്രമാണ് മുമ്പ് മൂന്നു ലക്ഷത്തിലേറെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത്. 2,104 പേരാണ് രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

1,78,841 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 1,59,30,965 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചിട്ടുള്ളത്. 1,34,54,880 പേരാണ് ഇതുവരെ രോഗമുക്തരായത്. 22,91,428 പേർ നിലവിൽ ചികിൽസയിലുണ്ട്. രാജ്യത്തെ ആകെ മരണസംഖ്യ 1,84,657 ആയി. നിലവിൽ 13,23,30,644 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്..

മുമ്പ് ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗബാധാ നിരക്ക് അമേരിക്കയിലാണ്. 2021 ജനുവരി ഏഴിന് റിപ്പോര്‍ട്ട് ചെയ്ത 3,07,581 കേസുകളാണ് അത്. ഇതിനെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്ക്. ഇന്ത്യയില്‍ ഒരു ലക്ഷം കടന്നത് ഏപ്രില്‍ നാലിന് ആണ്. അവിടെനിന്ന് വെറും 17 ദിവസംകൊണ്ടാണ് കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇക്കാലത്തെ പ്രതിദിന വര്‍ധന 6.76 ശതമാനമായിരുന്നു. അമേരിക്കയില്‍ രോഗബാധ ഒരു ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് 65 ദിവസമാണ്. 1.58 ശതമാനമായിരുന്നു പ്രതിദിന വര്‍ധന. ഒരു ലക്ഷത്തില്‍ അധികം പ്രതിദിന കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടി പ്രതിദിന വര്‍ധനയാണ് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.