28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു; ഇനി ഏഴു നാള്‍ കാഴ്ചയുടെ വസന്തം

 

തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (IFFK) തലസ്ഥാന നഗരിയിൽ തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. പലസ്തീൻ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുക എന്നതു കൂടിയാണ് ഈ ചലച്ചിത്രമേള ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഹിന്ദി നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. കെനിയന്‍ സംവിധായിക വനൂരി കഹിയു, ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് തുടങ്ങിയവരും പങ്കെടുത്തു. ഭൂമിയിൽ ഒരു ഭാഷ ഉണ്ടെങ്കിൽ അത് സ്നേഹത്തിന്‍റെ ഭാഷയാണെന്ന് നാനാ പടേക്കർ പറഞ്ഞു.

പലസ്തീന്‍ സിനിമകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയത് പലസ്തീന്‍ ജനതയോട് കേരളത്തിനുള്ള ഐക്യദാര്‍ഢ്യം വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി ഐഎഎസ് സ്വാഗത പ്രസംഗം നടത്തി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനിലൂടെ അധ്യക്ഷ പ്രസംഗം നടത്തി. സ്ത്രീ സംവിധായകരെ പിന്തുണയ്ക്കുന്ന മേളയാണ് ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു.

അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് മുഖ്യാതിഥി നാനാ പടേക്കറിന് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിച്ചു. ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡാ സെല്ലം 28-ാമത് ഐഎഫ്എഫ്കെയിലെ പാക്കേജുകള്‍ പരിചയപ്പെടുത്തി സംസാരിച്ചു. ഫെസ്റ്റിവല്‍ കാറ്റലോഗ് വി.കെ. പ്രശാന്ത് എംഎല്‍എ മധുപാലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഡെയ്‌ലി ബുള്ളറ്റിന്‍ അഡ്വ. ഡി. സുരേഷ് കുമാര്‍ പ്രകാശനം ചെയ്തു. അക്കാദമി ജേണല്‍ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പിന്‍റെ പ്രകാശനകര്‍മ്മം സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാറിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരത്തിന് 20 ലക്ഷം രൂപയാണ് അവാർഡ്. രജത ചകോരത്തിന് അർഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷവും നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആർ. മോഹനൻ എൻഡോവ്‌മെന്‍റ് അവാർഡിന് അർഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും നൽകും.

Comments (0)
Add Comment