കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ച ദ്വിദിന സത്യാഗ്രഹ സമരം തുടരുന്നു

വിവിധ ആവശ്യങ്ങളുന്നയിച്ച് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തി വരുന്ന ദ്വിദിന സത്യാഗ്രഹ സമരം ഇന്നവസാനിക്കും. വൈദ്യുതി ബോർഡിന്റെ തെറ്റായ നയങ്ങളാണ് കേബിൾ ടിവി ഓപ്പറേറ്റർമാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്ന് സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വൈദ്യുത പോസ്റ്റിന്‍റെ വാടകവർധനവ് പിന്‍ലവിക്കുക, ചെറുകിട കേബിള്‍ ടി വി വ്യവസായത്തെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാട് തിരുത്തുക, പോസ്റ്റുകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നലെയാണ് കേബിള്‍ ടി വി ഓപ്പറേർമാർ സെക്രട്ടറിയേറ്റ് പടിക്കല്‍ ദ്വിദിന സത്യാഗ്രഹം ആരംഭിച്ചത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാർഡ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സമരപ്പന്തലിലെത്തി.

കേബിൾ ടിവി ഓപ്പറേറ്റേഴ്സിന് കെഎസ് ഇ ബി ചെയർമാനുമായി ചർച്ചയ്ക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ എസ് ഇ ബി യെ തകർക്കുന്നത് കേബിൾ ടിവി ഓപ്പറേറ്റർമാരല്ലെന്നും മറിച്ച് കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കേരളത്തിലെ മൂവായിരത്തോളം ചെറുകിട കേബിള്‍ ഓപ്പറേറ്റർമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. തുടർന്ന് രണ്ടു ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരം അവസാനിച്ചു.

Comments (0)
Add Comment