16 മാര്‍ക്ക് 468 ആക്കി; നീറ്റ് പരീക്ഷ ഫലത്തിന്‍റെ വ്യാജരേഖ നിര്‍മ്മിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Jaihind Webdesk
Monday, July 3, 2023

കൊല്ലം: എസ്എഫ്‌ഐയ്ക്ക് പിന്നാലെ ഡിവൈഎഫ്‌ഐയിലും വ്യാജ രേഖ ചമയ്ക്കല്‍. നീറ്റ് പരീക്ഷ ഫലത്തിന്‍റെ  കൃത്രിമ രേഖയുണ്ടാക്കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് കൊല്ലത്ത് അറസ്റ്റിലായത്. 2021 – 22 വര്‍ഷത്തിലെ നീറ്റ് പരീക്ഷയില്‍ 16 മാര്‍ക്ക് ലഭിച്ച ഇയാള്‍ 468 മാര്‍ക്ക് ആക്കി വ്യാജ രേഖ ഉണ്ടാക്കുകയായിരുന്നു. കടയ്ക്കല്‍ സ്വദേശി സെമിഖാന്‍ (21) ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ബാലസംഘം കടയ്ക്കല്‍ കോ-ഓര്‍ഡിനേറ്ററുമായിരുന്നു സെമിഖാന്‍.

നീറ്റ് റിസള്‍ട്ട് വന്നിട്ടും തനിക്ക് മാത്രം അഡ്മിഷന്‍ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ വ്യാജരേഖയുമായി കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ പരിശോധനയിലാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞ മാസം 29 ന് സെമിഖാനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പോലീസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് കെ എസ് യു ആരോപിച്ചു. കേസില്‍ ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് പ്രാദേശിക ലേഖകരെ പോലും വിവരം അറിയിച്ചില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.