ശബരിമലയിലെ നിരോധനാജ്ഞ; ഭക്തരോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, November 23, 2018

ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത്രയൊക്കെയായിട്ടും തെറ്റ് തിരുത്താൻ സർക്കാർ തയാറാവാത്തത് ധാർഷ്ട്യം കൊണ്ടാണ്. തീർഥാടനത്തിന്‍റെ പവിത്രതയ്ക്ക് സർക്കാരിന്‍റെ നടപടികൾ കളങ്കമുണ്ടാക്കുന്നു. ശബരിമലയെയും തീർഥാടനത്തെയും ദുർബലപ്പെടുത്തുകയുമാണ് സർക്കാരിന്‍റെ ലക്ഷ്യം.

നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൻതോതിൽ പൊലീസിനെ നിറയ്ക്കുകയും ചെയ്തത് ഭയത്തിന്‍റെ അന്തരീക്ഷമാണ് ശബരിമലയില സർക്കാർ സൃഷ്ടിച്ചത്. ഇതേത്തുടർന്ന് ഭക്തജനങ്ങളുടെ തിരക്ക് കുത്തനെ കുറയുകയും ദൂരദേശങ്ങളിൽ നിന്നുമെത്തിയ അയ്യപ്പഭക്തർ പോലും ദർശനമുപേക്ഷിച്ച് മടങ്ങുകയുമാണ്.

ശബരിമലയിൽ കുഴപ്പമുണ്ടാക്കാൻ വരുന്നവരെ നിലയ്ക്കു നിർത്തുന്നതിനൊപ്പം യഥാർഥ ഭക്തർക്ക് ദുരിതമുണ്ടാക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് യാഥാർഥ്യങ്ങൾ കാണാൻ തയാറാവണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.