ലോകജനത ഒന്നാകെ നടുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് പതിനാല് വർഷം. ഓഖിയും പ്രളയവുമുണ്ടാക്കിയ നാശനഷ്ടങ്ങൾക്കിടയിലാണ് സുനാമിയുടെ വാർഷികവും എത്തുന്നത്.
ഓഖി ദുരന്തത്തിന്‍റെയും പ്രളയത്തിന്‍റെയും പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ചർച്ചയാകുന്നതിനിടെയാണ് സുനാമിയുടെ ഒരു വാർഷികം കൂടി കടന്നു പോകുന്നത്.
മടങ്ങിയെത്താത്ത ഉറ്റവരെയും കാത്തിരിക്കുന്ന തീരദേശത്തേക്ക് രാക്ഷസതിരമാലകൾ ആർത്തലച്ചെത്തിയ സുനാമിയെന്ന മഹാദുരന്തത്തിന്‍റെ ഓർമകളും എത്തുകയാണ്. 2004 ഡിസംബർ 26ന് നടന്ന ദുരന്തം വരുത്തിയ നാശനഷ്ടങ്ങളിൽ നിന്ന് ഇനിയും കരകയറാത്ത കുടുംബങ്ങൾ നിരവധിയാണ്. ക്രിസ്മസ് ആഘോഷത്തിന്‍റെ ആലസ്യം തീരും മുൻപേ ആഞ്ഞടിച്ച രാക്ഷസത്തിരമാലകൾ 14 രാജ്യങ്ങളിൽ നിന്നായി കവർന്നെടുത്തത് മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകളാണ്.
സമ്പാദിച്ചതെല്ലാം ഒരു നിമിഷം കൊണ്ട് കൺമുന്നിൽ കവർന്നെടുക്കുന്നത് കണ്ട് നിന്നവർ ഇപ്പോഴും തീരങ്ങളിലുണ്ട്. ഇന്ത്യോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണമായി കണ്ടെത്തിയത്. 9.2 തീവ്രതയുള്ള ഭൂകമ്പത്തെത്തെതുടർന്ന് ആഞ്ഞടിച്ച സുനാമി ഇന്തോനേഷ്യ, തായ്‌ലന്‍റ്, ഇന്ത്യ, ശ്രീലങ്ക, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം നാശം വിതച്ചിരുന്നു.
സുനാമിയുടെ പ്രത്യാഘാതം ആഫ്രിക്കൻ തീരങ്ങളിലും ഓസ്‌ട്രേലിയയിലും വരെയെത്തി.
ഇന്ത്യയിൽ മാത്രം പതിനായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കേരളത്തിൽ ആയിരത്തോളം ജീവനുകളാണ് സുനാമി കവർന്നെടുത്തത്.