ന്യൂ ഡൽഹി : കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, എൻ ഐ ടി, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയവയിൽ 137 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ പാർലമെന്റിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കെ സുധാകരൻ,ബെന്നി ബഹനാൻ,തുടങ്ങിയവരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അക്കാദമിക സമ്മർദ്ദം, കുടുംബ കാരണങ്ങൾ, വ്യക്തിപരമായ കാരണങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക ക്ലേശങ്ങൾ, വിദ്യാർത്ഥികൾ തമ്മിലുള്ള വ്യക്തിപരമായ വഴക്കുകൾ തുടങ്ങിയവയാണ് ആത്മഹത്യയ്ക്ക് കാരണമായിട്ടുള്ളതെന്നാണ് മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നത്. ക്യാമ്പസുകളിലെ ഓരോ ആത്മഹത്യ സംഭവത്തിനും സർക്കാർ ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നുണ്ടെന്നും വിദ്യാർത്ഥികളിലെ ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിന് സമ്മർദ്ദവും വൈകാരിക ക്രമീകരണങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള കൗൺസിലിംഗ് സംവിധാനങ്ങൾ നടത്തിവരുന്നതായും ചോദ്യത്തിന് നൽകിയ മറുപടിയിൽ പറയുന്നു.