കൊവിഡ് -19 : സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കാസർകോട്ടും കണ്ണൂരും നാലുപേർക്ക് വീതം

Jaihind News Bureau
Thursday, April 9, 2020

സംസ്ഥാനത്ത് വ്യാഴാഴ്ച 12 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർകോട്ടും കണ്ണൂരും നാലുപേർക്ക് വീതവും കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും മലപ്പുറത്ത് രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരാൾ വിദേശത്തുനിന്നു വന്നയാളും.

ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച 4 പേരും ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ അംഗങ്ങൾ. ഒരു പതിമൂന്ന് വയസ്സുകാരനും, 3 സ്ത്രീകൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഇതേ കുടുംബത്തിലെ 11 കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.അഞ്ചാം തീയ്യതി ഇവരുടെ കുടുംബത്തിലെ 81 കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതുവരെ 357 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 258 പേർ ചികിത്സയിലുണ്ട്. 1,36,195 പേർ നിരീക്ഷണത്തിലുണ്ട്. 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. എറണാകുളത്ത് ആറുപേരുടെയും കണ്ണൂരിൽ മൂന്നുപേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളിൽ രണ്ടുപേരുടെ വീതം പരിശോധനാഫലമാണ് നെഗറ്റീവായത്. 12,710 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 11,469 സാമ്പിളുകൾ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

പരിശോധനാ സംവിധാനങ്ങൾ വർധിപ്പിക്കും. 14 ജില്ലകൾക്ക് 14 ലാബ് എന്ന നിലയില്‍ സജ്ജീകരിക്കും. സ്വകാര്യ ലാബുകളിലും താമസിയാതെ ടെസ്റ്റ് അനുവദിക്കും. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ് ഇക്കാര്യം.

അശ്രദ്ധകാണിച്ചാൽ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് രോഗവ്യാപനം വർധിക്കുന്നില്ല എന്നത് കൊണ്ട് സുരക്ഷിതരായി എന്ന തോന്നൽ ചിലർക്കൊക്കെയുണ്ടായിട്ടുണ്ട്. ഇത് ലോക്ഡൗൺ നിബന്ധനകൾ ലംഘിക്കുന്നതിന് ഇട വരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഈസ്റ്ററും വിഷുവുമൊക്കെ എത്തുകയാണ്. വ്യാപാരികളും സന്നദ്ധ സേനകളും പോലീസും ജാഗ്രതയോടെ ഇടപെടേണ്ട സമയമാണിത്. ഈ സമയത്ത് കർശനമായും ശാരീരിക അകലം പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.