തീരദേശ പരിപാലന നിയമം : കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ നൂറുകണക്കിന് കുടുംബങ്ങൾ

Jaihind News Bureau
Friday, January 10, 2020

തീരദേശ പരിപാലന നിയമം നടപ്പാക്കുമ്പോൾ കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കണ്ണൂർ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങൾ. നിയമ പരിധിക്ക് പുറത്തുള്ള കെട്ടിടങ്ങൾ പോലും ചട്ടലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് പ്രധാന പരാതി. പ്രശ്നത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണെന്നും ആക്ഷേപം. കൃത്യമായ അറിയിപ്പും നിർദേശങ്ങളും നൽകാതെയാണ് ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കുന്നതെന്നും തീരദേശവാസികൾ..

തീരപരിപാലന നിയമപ്രകാരം അംഗീകാരമില്ലാത്തതെന്ന പേരിൽ സംസ്ഥാന സർക്കാർ ഡിസംബർ 20ന് ജില്ലാ ഭരണകൂടത്തിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ കെട്ടിടങ്ങളുടെ പട്ടികയാണ് കണ്ണൂരിലെ തീരദേശ വാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. മരടിലെ പ്രശ്നം പരിഗണിക്കുന്നതിന് ഇടയിൽ സുപ്രിം കോടതി കേരളത്തിലെ മുഴുവൻ തീരപ്രദേശങ്ങളും പരിശോധിച്ച് നിയമ പ്രകാരമല്ലാത്ത കെട്ടിടങ്ങളുടെ പട്ടിക സമർപ്പിക്കാൻ ഉത്തരവിട്ടതിനെ തുടർന്നാണ് ഇതുസംബന്ധിച്ച പട്ടിക തയ്യാറാക്കിയത്. കണ്ണൂർ ജില്ലയിൽ വീടുകൾ ഉൾപ്പടെ 2200 കെട്ടിടങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 1996 ഓഗസ്റ്റിനു ശേഷം നിർമിച്ച വീടുകളാണ് ഇതിൽ ഉൾപ്പെട്ടവയിൽ ഏറെയും.

1996 ന് ശേഷം പുതുക്കിപ്പണിതതോ, വിപുലപ്പെടുത്തിയതോ ആയ വീടുകൾ നിയമവിരുദ്ധകെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് കണ്ണൂരിലെ തീരദേശ മേഖലയിൽ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്. മുഴപ്പിലങ്ങാട്, പഞ്ചായത്തിൽ 183 കെട്ടിടങ്ങളും, ധർമ്മടത്ത് 236 ഉം കെട്ടിടങ്ങളാണ് നിയമ പ്രകാരമല്ലാത്ത കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഈ പഞ്ചായത്തുകളിൽ കരട് പട്ടികയിൽ ഉൾപ്പെട്ട വീടുകളിൽ കഴിയുന്നവർ കടുത്ത പ്രതിഷേധത്തിലാണ്.അംഗീകാരമില്ലാത്ത  കെട്ടിടമല്ലെന്ന് തെളിയിക്കേണ്ട രേഖകളുമായി ഓഫിസിൽ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാർ. ആളുകളുടെ ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടൽ നടത്താത്തതും വിമർശനത്തിന് കാരണമായിട്ടുണ്ട്. സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

https://youtu.be/sW87FUGcyGk